‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ മഹാറാലിക്ക് തുടക്കം; രാംലീല മൈതാനിയിൽ വൻ ജനക്കൂട്ടം

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ‘ഇൻഡ്യ’ മുന്നണി പ്രഖ്യാപിച്ച മഹാറാലിക്കും മാർച്ചിനും തുടക്കം. ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ (വോട്ട് സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ) എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെ രാംലീല മൈതാനിയിലേക്ക് വൻ ജനാവലിയാണ് ഒഴുകിയെത്തിയിരിക്കുന്നത്. രാവിലെ മുതൽ തന്നെ നൂറുകണക്കിന് ആളുകൾ മൈതാനത്ത് എത്തിച്ചേർന്നിട്ടുണ്ട്.

റാലിയുടെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഒത്തുകൂടിയ പ്രതിപക്ഷ നേതാക്കളും ‘ഇൻഡ്യ’ ബ്ലോക്ക് എം.പിമാരും പ്രത്യേക വാഹനങ്ങളിൽ മിന്റോ റോഡ്-കനോട്ട് പ്ലേസ് ജംഗ്ഷനിലേക്ക് എത്തി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാർഡിയും കേരളത്തിൽ നിന്നുള്ള എം.പിമാരും ഉൾപ്പെടെയുള്ള പ്രമുഖർ മാർച്ചിന് നേതൃത്വം നൽകുന്നുണ്ട്. മിന്റോ റോഡിൽ നിന്ന് രാംലീല മൈതാനത്തേക്ക് ആരംഭിക്കുന്ന കാൽനട മാർച്ച് അവിടെ വലിയ പൊതുസമ്മേളനമായി സമാപിക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാംസ്കാരിക പ്രതിനിധികളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് പ്രതിഷേധ പരിപാടികൾ പുരോഗമിക്കുന്നത്. ജനക്കൂട്ടത്തെ സുരക്ഷിതമായി നിയന്ത്രിക്കുന്നതിനായി ഡൽഹി പൊലീസും പ്രത്യേക വോളന്റിയർമാരും കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സി.ഇ.സി ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം സംഘടിപ്പിച്ച പ്രതീകാത്മക ജനകീയ ഇംപീച്ച്‌മെന്റിന് തൊട്ടുപിന്നാലെയാണ് ഈ മഹാറാലി നടക്കുന്നത് എന്നത് ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാണ്.

Related Articles

- Advertisement -spot_img

Latest Articles