ടെഹ്റാൻ: ഭാവിയിലുണ്ടാകുന്ന യുദ്ധങ്ങളിൽ അമേരിക്കയ്ക്കെതിരായ പോരാട്ടത്തിന് ഭൂമിശാസ്ത്രപരമായ അതിരുകളുണ്ടാകില്ലെന്നും, ശത്രുക്കൾക്ക് പരമാവധി നാശനഷ്ടം വരുത്താനും പ്രതിരോധം ഉറപ്പാക്കാനും വിശാലമായ മേഖലയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ സമീപകാല പ്രസ്താവനകൾ വരാനിരിക്കുന്ന യുദ്ധങ്ങളിൽ ഇറാന് പുതിയൊരു പാത തുറന്നുനൽകിയിട്ടുണ്ടെന്ന് ഐ.ആർ.ജി.സി വക്താവ് ഹൊസൈൻ മൊഹെബി വ്യക്തമാക്കി.
പരമാവധി പ്രതിരോധ ശേഷി ഉറപ്പാക്കുന്നതോടെ, ഇറാന്റെ പ്രദേശങ്ങളിൽ കണ്ണുവെക്കുന്ന കാര്യം പോയിട്ട് രാജ്യത്തിനെതിരെ ശത്രുതാപരമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ പോലും ഒരു രാജ്യത്തിനും സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യാക്രമണങ്ങൾക്കായി പുതിയ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തുന്ന നടപടികളിലും പുതിയ മേഖലകൾ കേന്ദ്രീകരിച്ചുള്ള സൈനിക പ്രവർത്തനങ്ങളുടെ ആസൂത്രണത്തിലുമാണ് ഐ.ആർ.ജി.സി നിലവിലുള്ളതെന്നും തസ്നീം ന്യൂസ് ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ വക്താവ് വ്യക്തമാക്കി.



