വോട്ടർപട്ടിക ക്രമക്കേട്: ഒരു കിലോമീറ്റർ നീളമുള്ള എക്‌സൽ ഷീറ്റുമായി ‘ഇൻഡ്യ’ മുന്നണി മാർച്ചിൽ വ്യത്യസ്ത പ്രതിഷേധം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആർ) നടപടികൾ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് ‘ഇൻഡ്യ’ മുന്നണി നടത്തുന്ന രാംലീല മൈതാൻ മാർച്ചിൽ വ്യത്യസ്ത പ്രതിഷേധവുമായി കർണാടകയിൽ നിന്നുള്ള പ്രവർത്തകർ. തങ്ങളുടെ സംസ്ഥാനത്ത് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട പൗരന്മാരുടെ പേരുകൾ അടങ്ങിയ ഒരു കിലോമീറ്ററോളം നീളമുള്ള എക്‌സൽ ഷീറ്റിന്റെ പ്രിന്റൗട്ടുമായി റോഡിലൂടെ റാലി നടത്തിയാണ് കർണാടകയിൽ നിന്നുള്ള പ്രതിഷേധക്കാർ ശ്രദ്ധനേടിയത്.

അകാരണമായി വോട്ടവകാശം നിഷേധിക്കപ്പെട്ടവരുടെ വിവരങ്ങൾ അടങ്ങിയ എക്‌സൽ ഷീറ്റ് ബാനർ പോലെ കയ്യിലേന്തിയാണ് ഇവർ കനോട്ട് പ്ലേസിൽ നിന്നും രാംലീല മൈതാനത്തേക്ക് മാർച്ച് നടത്തിയത്. വോട്ടർപട്ടികയിലെ തീവ്ര വെട്ടിച്ചുരുക്കലിന് ഇരയായവരുടെ വിവരങ്ങൾ കൃത്യമായി വ്യക്തമാക്കുന്ന ഈ വേറിട്ട പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും ദേശീയ മാധ്യമങ്ങളിലും വൈറലായിട്ടുണ്ട്. ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ മഹാറാലിയുടെ ഭാഗമായി ദൽഹിയിലെ തെരുവുകളിൽ ഇറങ്ങിയ ആയിരക്കണക്കിന് ആളുകളിൽ ഈ നീണ്ട എക്‌സൽ ഷീറ്റ് പ്രതിഷേധം ഏറെ ചർച്ചയായി.

അതിനിടെ, പ്രതിഷേധത്തിന്റെ ഭാഗമായി ഡൽഹിയിലെ രാംലീല മൈതാനം ജനസാഗരമായി മാറിയിരിക്കുകയാണ്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി വദ്ര, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, നാഷണൽ കോണ്‍ഫറൻസ് എം.പി ഫറൂഖ് അബ്ദുള്ള, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയ പ്രമുഖ നേതാക്കൾ റാലിയിൽ പങ്കുചേരാനായി ഡൽഹിയിൽ ഒത്തുകൂടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും ശക്തമായ മുദ്രാവാക്യങ്ങളും പ്ലക്കാഡുകളുമായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്.

Related Articles

- Advertisement -spot_img

Latest Articles