യു.എസിൽ ദീപാവലി ആഘോഷത്തിന് നേരെ തീവ്ര വലതുപക്ഷ അതിക്രമം; ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം

വാഷിങ്ടൺ: അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷങ്ങൾക്കിടയിലേക്ക് തീവ്ര വലതുപക്ഷ പ്രവർത്തകർ അതിക്രമിച്ചു കയറി വംശീയ അധിക്ഷേപം നടത്തി. ‘സിയാറ്റിൽ സെന്റർ ഫെസ്റ്റലി’ന്റെ ഭാഗമായി സിയാറ്റിൽ സെന്റർ ആർമറിയിൽ സംഘടിപ്പിച്ച ദീപാവലി നൃത്ത പരിപാടിക്കിടെയാണ് തീവ്ര വലതുപക്ഷ പ്രവർത്തകനായ ജെയ്ക് ലാങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം തടസ്സമുണ്ടാക്കിയത്. ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന ‘ഡോട്ട് ഹെഡ്സ്’ എന്ന പദം ഉപയോഗിച്ച്, ‘എല്ലാ ഡോട്ട് ഹെഡ്സുകളെയും നാടുകടത്തുക’, ‘ക്രിസ്ത്യാനികൾക്ക് പകരം ഹിന്ദുക്കൾ വരുന്നത് അവസാനിപ്പിക്കുക’ തുടങ്ങിയ വിദ്വേഷ വാചകങ്ങളെഴുതിയ പ്ലക്കാർഡുകളുമായാണ് ഇവർ എത്തിയത്.

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുഭാവിയും ‘വൈറ്റ് റീപ്ലേസ്മെന്റ്’ എന്ന തീവ്ര വലതുപക്ഷ സംഘടനയുമായി ബന്ധമുള്ള വ്യക്തിയുമാണ് ജെയ്ക് ലാങ്. 2021-ലെ യു.എസ് ക്യാപിറ്റോൾ ആക്രമണ കേസിൽ പങ്കാളിയായി നാല് വർഷത്തെ ജയിൽശിക്ഷ അനുഭവിച്ച ഇയാൾക്ക്, അധികാരമേറ്റെടുത്ത ദിവസം ട്രംപ് മാപ്പ് നൽകി മോചിപ്പിക്കുകയായിരുന്നു. മുൻപും വംശീയ-മതവിദ്വേഷ പ്രചാരണങ്ങളിൽ പങ്കാളിയായിട്ടുള്ള ഇയാൾ ദീപാവലി ആഘോഷങ്ങളിലേക്ക് അമേരിക്കൻ പതാക വീശി അതിക്രമിച്ചു കയറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ ഡയസ്‌പോറ സംഘടനകളും ഇന്ത്യൻ-അമേരിക്കൻ ജനപ്രതിനിധികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യു.എസിൽ നടക്കുന്ന ഇത്തരം വംശീയ അതിക്രമങ്ങൾ ഇന്ത്യയിലെ സംഘപരിവാർ അക്രമങ്ങൾക്ക് സമാനമാണെന്ന് ‘ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ്’ സഹസ്ഥാപക സുനിത വിശ്വനാഥ് വിമർശിച്ചു. സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ച യു.എസ് കോൺഗ്രസ് അംഗം പ്രമീള ജയപാൽ, വൈറ്റ് ഹൗസ് മുൻ ഉപദേഷ്ടാവ് അജയ് ജെയിൻ ഭൂട്ടോറിയ എന്നിവർ ഇത്തരം വംശീയ അധിക്ഷേപങ്ങൾക്കും വിദ്വേഷ പ്രവർത്തനങ്ങൾക്കും രാജ്യത്ത് സ്ഥാനമില്ലെന്ന് വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles