ഗ്യാനേഷ് കുമാറിനെതിരായ കൈക്കൂലി ആരോപണം; വിജിലൻസിന് വീണ്ടും നിർണ്ണായക മൊഴി

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമിഷണർ ഗ്യാനേഷ് കുമാറിനെതിരായ കൈക്കൂലി ആരോപണത്തിൽ വിജിലൻസിന് വീണ്ടും നിർണ്ണായക മൊഴി ലഭിച്ചു. മുൻപ് സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലയളവിൽ ഗ്യാനേഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി, കെ.എസ്.ടി.പി (KSTP) പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ മലേഷ്യൻ കമ്പനി ചീഫ് പ്രോജക്ട് മാനേജർ ലീ സി ബിന്നിന്റെ സഹായി ഷാജഹാനാണ് വിജിലൻസ് സംഘത്തിന് മൊഴി നൽകിയത്.

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ബില്ലുകൾ അകാരണമായി തടഞ്ഞുവെച്ചതോടെ ലീ സി ബിൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും, ഗ്യാനേഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ട വിവരം ലീ തന്നോട് നേരിട്ട് പറഞ്ഞിരുന്നതായും ഷാജഹാൻ വിജിലൻസിനെ അറിയിച്ചു. കൂടാതെ, ലീ സി ബിന്നിന്റെ ആത്മഹത്യാ കുറിപ്പിൽ ഇക്കാര്യങ്ങൾ പരാമർശിച്ചിരുന്നതായി അന്ന് കമ്പനിയിലെ മറ്റ് ചില ജീവനക്കാർ മുഖേന അറിഞ്ഞിരുന്നുവെന്നും അദ്ദേഹം മൊഴിയിൽ വ്യക്തമാക്കി.

പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെ.എസ്.ടി.പി പദ്ധതിയിൽ വൻ അഴിമതി നടത്തിയെന്നും ലീ സി ബിന്നിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്നും കരാറുകാരനായ വി.ഒ. സാജൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചത്. കേസിൽ പുതിയ നിർണ്ണായക മൊഴികൂടി രേഖപ്പെടുത്തിയതോടെ അന്വേഷണം കൂടുതൽ ശക്തമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles