കൊച്ചി: പെരിന്തല്‍മണ്ണ എംഎൽഎ നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവെച്ചു. എതിർ സ്ഥാനാര്‍ഥി കെ.പി മുസ്തഫ സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം 38 വോട്ടുകള്‍ക്കായിരുന്നു ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം പെരിന്തല്‍മണ്ണയില്‍ നിന്നും വിജയിച്ചത്. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് ഇടത് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
പ്രീസൈഡിംഗ് ഓഫീസറുടെ ഒപ്പില്ലാത്ത കാരണത്താല്‍ 340 പോസ്റ്റല്‍ വോട്ടുകള്‍ ആ സമയത്ത് എണ്ണിയിരുന്നില്ല. എല്ലാ പോസ്റ്റൽ വോട്ടുകളും എണ്ണിയിരുന്നെങ്കില്‍ താന്‍ ജയിക്കുമായിരുന്നു എന്നായിരുന്നു മുസ്തഫ കോടതിയിൽ വാദിച്ചത്. മുഴുവൻ പോസ്റ്റല്‍ ബാലറ്റുകൾ കൂടി എണ്ണി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു മുസ്തഫയുടെ ആവശ്യം. എന്നാൽ പ്രീസൈഡിംഗ് ഓഫീസറുടെ ഒപ്പില്ലാത്ത പോസ്റ്റല്‍ ബാലറ്റുകള്‍ അസാധുവാകുമെന്ന കാരണത്താൽ കോടതി ഹര്‍ജി തള്ളുകയായിരുന്നു.



