റിയാദ്: റിയാദ് ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി ഇന്നും പരിഗണിച്ചില്ല. കഴിഞ്ഞ രണ്ട് പ്രാവശ്യവും കേസ് പരിഗണിച്ച കോടതി അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ സിറ്റിങ്ങുകളിലും ഇതേ സാഹചര്യം തന്നെയാണുണ്ടായത്. അടുത്ത സിറ്റിങ്ങിന്റെ തീയതിയും കോടതി അറിയിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട നാലാമത്തെ സിറ്റിങ് ആയിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്.
സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് 18 വർഷമായി റിയാദ് ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനം അനിശ്ചിതമായി നീളുന്ന സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കുടുംബം ദിയാമണി വാങ്ങാൻ തയ്യാറാവുകയും സുമനസ്സുകൾ അകമഴിഞ്ഞു സഹായിക്കുകയും ചെയ്തതിനാൽ റഹീമിന്റെ മോചനം വേഗത്തിലാകേണ്ടതായിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ കോടതി നടപടികൾ നീണ്ടു പോവുകയായിരുന്നു.
ഉംറ നിർവഹിക്കാനെത്തിയ ഉമ്മ റഹീമിനെ കാണാൻ ജയിലിലെത്തുകയും അതേ തുടർന്നുണ്ടായ വിവാദങ്ങളും മലയാളികൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. റഹീം മോചനത്തിന് വേണ്ടി ശ്രമിച്ചവരും മാധ്യമ പ്രവർത്തകരും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങളും ഉണ്ടാവുകയുണ്ടായി.
കോടതി നടപടികളുടെ വേഗത കുറവും സാങ്കേതിക കാരണങ്ങളാൽ കേസ് വൈകുന്നതും പലപ്പോഴും പൽ കേസുകളുടെ കാര്യത്തിലും ഉണ്ടാവാറുണ്ട്. അത് തന്നെയാണ് അബ്ദുൽ റഹീമിൻറെ കേസിന്റെ വിഷയത്തിലും നടക്കുന്നത്.



