ദമ്മാം: ശൈത്യകാലം ശക്തി പ്രാപിക്കുമ്പോൾ മരുഭൂമിയിൽ തൊഴിലെടുക്കുന്ന ആട്ടിടയന്മാർക്കും കൃഷിത്തൊഴിലാളികൾക്കും തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ കമ്പിളി വസ്ത്രങ്ങൾ ദമ്മാം ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി എത്തിച്ചു നൽകി. മരുഭൂമിയുടെ ഉൾപ്രദേശങ്ങളിലും കൃഷിയിടങ്ങളിൽ ആടുകളെയും ഒട്ടകങ്ങളെയും മേച്ചു കഴിയുന്ന തൊഴിലാളികൾക്കാണ് പുതപ്പും , കമ്പിളി വസ്ത്രങ്ങളടക്കമുള്ള പ്രതിരോധവസ്തുക്കൾ വിതരണം ചെയ്തത്.
പ്രവിശ്യയിൽ തണുപ്പുകാലം ശക്തിപ്രാപിക്കുമ്പോൾ മണൽക്കാട്ടിൽ തടികൊണ്ടും മറ്റും പണിത താൽക്കാലിക ഷെഡ്ഡുകളിലും കൃഷിയിടങ്ങളിലും കഴിയുന്ന തൊഴിലാളികളുടെ ക്ലേശകരമായ സാഹചര്യം കണ്ടാണ് ജില്ലാ കമ്മിറ്റി ഇത്തരമൊരു ദൗത്യം നിർവ്വഹിച്ചത്. കഴിഞ്ഞ വർഷവും ശൈത്യകാലത്ത് കോട്ടയം കമ്മിറ്റി മരുഭൂമികളിൽ കഴിയുന്ന തൊഴിലാളികൾക്ക് ഈ സഹായം എത്തിച്ചിരുന്നു. പരിമിതമായ സൗകര്യങ്ങളിൽ കഴിയുന്ന സഹജീവികളിൽ കനിവിന്റെ കരുതൽ എത്തിക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർഥ്യം കമ്മിറ്റിയംഗങ്ങൾ പങ്കു വെച്ചു. വരുംവർഷങ്ങളിലും കൂടുതൽ ആളുകളിലേക്ക് ഈ സഹായമെത്തിക്കാൻ ജില്ലാ കമ്മിറ്റി പരിശ്രമിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
റീജിയണൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഡോക്ടർ സിന്ധു ബിനു, കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബിനു പുരുഷോത്തമൻ, ജനറൽ സെക്രട്ടറി ജോസൻ ജോർജ്ജ് , വൈസ് പ്രസിഡന്റ് മാക്സ്മില്ലിയൻ ജോസഫ് ,സെക്രട്ടറി സജി വർഗീസ്, നിർവ്വാഹകസമിതിയംഗങ്ങളായ അമൽ സുരേന്ദ്രൻ, ആൻസി ജോസൻ , ബിജു മാത്യു, ആന്റണി ജോസഫ , ജില്ലാ കമ്മിറ്റിയംഗങ്ങളായ വിനു ജോണി, ബോൺ സണ്ണി, സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി.



