കൊല്ലത്ത് വൻ ദുരന്തം; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് വീടുകൾ പൂർണമായി കത്തിനശിച്ചു

കൊല്ലം: തങ്കശ്ശേരി ആൽത്തറമൂട് വലത്തേ തൊടിയിൽ നഗറിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. സംഭവത്തിൽ മൂന്ന് വീടുകൾ പൂർണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. മുരുകൻ എന്നയാളുടെ വീട്ടിലാണ് ആദ്യം സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഇതിന് പിന്നാലെ തീ തൊട്ടടുത്ത വീടുകളിലേക്ക് അതിവേഗം പടർന്നു.

തകര ഷീറ്റുകൾ പാകിയ വീടുകളായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. അനി, കൃഷ്ണൻ കുട്ടി എന്നിവരുടെ വീടുകളാണ് പൂർണമായി നശിച്ച മറ്റ് വീടുകൾ. അനിയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറും പൊട്ടിത്തെറിച്ചത് അപകടത്തിൻ്റെ തീവ്രത കൂട്ടി. ഭാഗ്യവശാൽ, തീപിടിത്തമുണ്ടായ ആദ്യത്തെ വീട്ടിൽ ആളില്ലാതിരുന്നതും സമീപത്തെ താമസക്കാർ പെട്ടെന്ന് ഓടി മാറിയതും കാരണം ആർക്കും ജീവാപായം സംഭവിച്ചില്ല. ഭിന്നശേഷിക്കാരനായ കൃഷ്ണൻ കുട്ടിയെ സമീപവാസികൾ രക്ഷപ്പെടുത്തി. ചാമക്കട, കടപ്പാക്കട, കുണ്ടറ, ചവറ എന്നിവിടങ്ങളിൽ നിന്നായി ഏഴ് യൂനിറ്റ് അഗ്നിരക്ഷാസേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വീട് നഷ്ടമായവർക്ക് താൽകാലിക താമസ സൗകര്യമൊരുക്കാൻ നടപടി ആരംഭിച്ചതായി സ്ഥലം സന്ദർശിച്ച കലക്ടറും മേയറും അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles