കരാറിൽ നിന്നും ഹിമാചൽ പ്രദേശ് പിന്മാറി; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായേക്കും

തിരുവനന്തപുരം: കേരളത്തിന് നൽകിവന്നിരുന്ന 1,280 മെഗാവാട്ട് വൈദ്യുതി വിതരണത്തിൽ നിന്ന് ഹിമാചൽ പ്രദേശ് പിന്മാറിയതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ സാധ്യത. ഉയർന്ന നിരക്ക് വാഗ്ദാനം ചെയ്ത് രാജസ്ഥാൻ കരാർ സ്വന്തമാക്കിയതിനെ തുടർന്നാണ് ഹിമാചൽ പ്രദേശ് കേരളത്തിനുള്ള വൈദ്യുതി വിതരണത്തിൽ നിന്ന് പെട്ടെന്ന് പിന്മാറിയതെന്നാണ് വിവരം. ഇതോടെ വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയിൽ വലിയ കുറവുണ്ടാകുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

അതേസമയം, രാത്രികാലങ്ങളിലെ കടുത്ത വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി 2027 മാർച്ച് 30 വരെ പുറത്തുനിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് അനുമതി ലഭിച്ചു. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ഹ്രസ്വകാല കരാറിന് അംഗീകാരം നൽകിയത്. ഇതനുസരിച്ച് പി.ഡി.സി ഇന്ത്യ ലിമിറ്റഡ്, ആർ.പി.ജി പവർ ട്രേഡിങ് കമ്പനി ലിമിറ്റഡ് തുടങ്ങി അഞ്ച് പ്രമുഖ കമ്പനികളിൽ നിന്നായി പരമാവധി 270 മെഗാവാട്ട് വൈദ്യുതി വരെ വാങ്ങാനാകും.

യൂണിറ്റിന് 6.99 രൂപ മുതൽ പരമാവധി 10 രൂപ വരെ നൽകിയാണ് വൈദ്യുതി വാങ്ങാൻ കമ്മീഷൻ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ യൂണിറ്റിന് 10 രൂപയിൽ കൂടുതൽ നിരക്ക് വരുന്ന കരാറുകൾ യാതൊരു കാരണവശാലും അംഗീകരിക്കരുതെന്ന് റെഗുലേറ്ററി കമ്മീഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പീക്ക് അവറുകളായ രാത്രി സമയങ്ങളിൽ സംസ്ഥാനത്ത് ക്രമാതീതമായി ഉയരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും ലോഡ്ഷെഡ്ഡിങ് ഒഴിവാക്കുന്നതിനുമാണ് ഈ അടിയന്തര നടപടി.

Related Articles

- Advertisement -spot_img

Latest Articles