കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മുർഷിദാബാദ് ജില്ലയിലെ നൗഡയിൽ ക്രൂഡ് ബോംബ് സ്ഫോടനം. വോട്ടെടുപ്പ് ദിവസം ജനക്കൂട്ടത്തിന് നേരെ തിരിച്ചറിയാത്ത ഒരു സംഘം ബോംബെറിയുകയായിരുന്നു. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഈ അക്രമം പ്രദേശവാസികൾക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. സംഭവത്തെത്തുടർന്ന് മുർഷിദാബാദിൽ സുരക്ഷാ ക്രമീകരണങ്ങൾ അതീവ ജാഗ്രതയിലാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്ന ജില്ലയിൽ സംഘർഷസാധ്യത കണക്കിലെടുത്ത് കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.
അക്രമ സംഭവത്തിൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മനോജ് അഗര്‍വാള്‍ അറിയിച്ചു. സ്ഫോടനത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമർപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ബോംബേറിന് പിന്നാലെ പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷവും പൊട്ടിപ്പുറപ്പെട്ടു. സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ ആം ജനത ഉന്നയന്‍ പാര്‍ട്ടി സ്ഥാപകന്‍ ഹുമായൂണ്‍ കബീറിനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘർഷം രൂക്ഷമാക്കിയത്. നിലവില്‍ വലിയ പോലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.



