25.7 C
Saudi Arabia
Thursday, April 23, 2026
spot_img

കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുന്നതിനിടെ കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരണപ്പെട്ടു. ചക്കരക്കൽ പള്ളിപ്പൊയിൽ സ്വദേശി എം.വി. സനൽ കുമാർ (37) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ പള്ളിപ്പൊയിലിൽ കിണർ കുഴിക്കുന്ന ജോലിക്കിടെയാണ് സനൽ കുമാറിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ക്ലിനിക്കിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

സൂര്യാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ചക്കരക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഈ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ സൂര്യാതപ മരണമാണിതെന്നാണ് പ്രാഥമിക നിഗമനം. കിണർ പണിക്കിടെയുണ്ടായ ഈ ദാരുണാന്ത്യം പ്രദേശവാസികളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

കേരളത്തിൽ നിലവിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. പാലക്കാട്, കൊല്ലം, തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണതരംഗ മുന്നറിയിപ്പും ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles