കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വോട്ടിങ് യന്ത്രങ്ങൾ (EVM) സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളെച്ചൊല്ലി കൊൽക്കത്തയിൽ അർദ്ധരാത്രി നാടകീയമായ തർക്കങ്ങൾ അരങ്ങേറി. സ്ട്രോങ് റൂമുകൾ അനുവാദമില്ലാതെ തുറന്നെന്നും വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടന്നെന്നും ആരോപിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സൗത്ത് കൊൽക്കത്തയിലെ സഖാവത്ത് മെമ്മോറിയൽ സ്കൂളിലെ സ്ട്രോങ് റൂമിൽ മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തി പ്രതിഷേധത്തിന് നേതൃത്വം നൽകുകയും, വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെ സ്ട്രോങ് റൂമുകൾക്ക് കാവലിരിക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
മമത ബാനർജിയുടെ നീക്കത്തെ ബിജെപിയും ശക്തമായി പ്രതിരോധിച്ചു. ഭവാനിപുരിലെ കൗണ്ടിങ് സെന്ററിന് മുന്നിൽ പ്രതിഷേധിച്ച ബിജെപി പ്രവർത്തകർ, മുഖ്യമന്ത്രിയുടെ വാഹനത്തിൽ സംശയാസ്പദമായി എന്തോ കടത്തുന്നുണ്ടെന്നും അത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ, തൃണമൂൽ കോൺഗ്രസിന്റെ ആരോപണങ്ങൾ തള്ളിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി. പോസ്റ്റൽ ബാലറ്റുകൾ വേർതിരിക്കുന്ന നടപടിയാണ് സ്ട്രോങ് റൂമിൽ നടന്നതെന്നും ഇത് രാഷ്ട്രീയ പാർട്ടികളെ മുൻകൂട്ടി അറിയിച്ചിരുന്നതാണെന്നും ബംഗാൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മനോജ് കുമാർ അഗർവാൾ അർദ്ധരാത്രി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകൾ തുറന്നിട്ടില്ലെന്ന് ഉറപ്പുനൽകിയ കമ്മീഷൻ, മമത ബാനർജിക്ക് കർശന മുന്നറിയിപ്പും നൽകി. കൊൽക്കത്ത നോർത്തിലെ ഏഴ് മണ്ഡലങ്ങളിൽ മമത സ്ഥാനാർത്ഥിയല്ലാത്തതിനാൽ അവിടുത്തെ സ്ട്രോങ് റൂം പരിസരങ്ങളിൽ പ്രവേശിക്കാൻ പാടില്ലെന്നും, ചട്ടലംഘനം നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും കമ്മീഷൻ താക്കീത് നൽകി. വോട്ടെണ്ണലിന് മുന്നോടിയായി സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇവിഎം സുരക്ഷയെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് തുടരുകയാണ്.



