ന്യൂഡൽഹി: സി.ബി.എസ്.ഇ ഒ.എസ്.എം പരീക്ഷാ മൂല്യനിർണ്ണയ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ യുവതലമുറ തങ്ങളുടെ ഭാവിയെക്കുറിച്ചോ വിദ്യാഭ്യാസ രംഗത്തെ പിഴവുകളെക്കുറിച്ചോ ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കരുതെന്നാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. യുവാക്കൾ സോഷ്യൽ മീഡിയയിൽ വെറുതെ റീലുകൾ നിർമ്മിച്ച് സമയം കളയണമെന്നും, എന്നാൽ വിദ്യാഭ്യാസ മേഖലയിലെയും പരീക്ഷകളിലെയും അഴിമതികളെക്കുറിച്ച് മിണ്ടരുതെന്നുമാണ് കേന്ദ്ര നയമെന്ന് അദ്ദേഹം പരിഹസിച്ചു.
വിദ്യാർത്ഥികളുടെ ഭാവി വെച്ചാണ് കേന്ദ്ര സർക്കാർ പന്താടുന്നതെന്നും ഇത്തരം അപാകതകളിലൂടെ ലക്ഷക്കണക്കിന് യുവാക്കളുടെ സ്വപ്നങ്ങളാണ് തകരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും പരീക്ഷാ അട്ടിമറികളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് സർക്കാർ ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി, വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും അവകാശങ്ങൾക്കായി പ്രതിപക്ഷം ശക്തമായി മുന്നോട്ട് പോകുമെന്നും കൂട്ടിച്ചേർത്തു.



