സംസ്ഥാനത്ത് ജൂൺ 30 വരെ താൽക്കാലിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെ.എസ്.ഇ.ബി

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ വൻ കുറവ് നേരിട്ടതിനെ തുടർന്ന് വരും ദിവസങ്ങളിൽ താൽക്കാലിക വൈദ്യുതി നിയ​ന്ത്രണം ഏർ​പ്പെടുത്താൻ കെ.എസ്.ഇ.ബി തീരുമാനിച്ചു. ജൂൺ 30 വരെയുള്ള ദിവസങ്ങളിൽ, ഉപഭോഗം ഏറ്റവും കൂടുതലുള്ള വൈകീട്ട് ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്താണ് നിയ​ന്ത്രണം ഉണ്ടായിരിക്കുക. സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ശരാശരി 21 ശതമാനമായി താഴ്ന്നതും പ്രതീക്ഷിച്ച രീതിയിൽ മഴ ലഭിക്കാത്തതുമാണ് ഇത്തരമൊരു അടിയന്തര നടപടിയിലേക്ക് നീങ്ങാൻ വൈദ്യുതി ബോർഡിനെ പ്രേരിപ്പിച്ചത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് പസഫിക് സമുദ്രത്തിലെ താപവ്യതിയാനം മൂലമുണ്ടാകുന്ന ‘എൽ നിനോ’ പ്രതിഭാസത്തിന്റെ വരവ് ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ, ഇത്തവണ കാലവര്‍ഷത്തില്‍ വലിയ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. തുടര്‍ച്ചയായ മൂന്ന് മാസങ്ങളിലെ സമുദ്രോപരിതല താപനിലയിലെ വ്യതിയാനം ശരാശരി 0.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതോടെയാണ് കാലാവസ്ഥ വകുപ്പ് എൽ നിനോ സ്ഥിരീകരിച്ചത്.

നിലവിൽ ഡാമുകളിലുള്ള ജലശേഖരം അനുസരിച്ച് സംസ്ഥാനത്ത് പരമാവധി 851 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കൂ. വരും ദിവസങ്ങളിൽ കാലവര്‍ഷം പ്രതീക്ഷിച്ചത്ര ശക്തിപ്രാപിക്കാതിരുന്നാൽ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വീണ്ടും കുറയുകയും, ആവശ്യമായ വൈദ്യുതി പൂർണ്ണമായും പുറത്തുനിന്ന് വാങ്ങേണ്ടി വരികയും ചെയ്യും. കഴിഞ്ഞ ഏപ്രില്‍ 27-ന് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 118 ദശലക്ഷം യൂണിറ്റ് എന്ന റെക്കോർഡിൽ എത്തിയിരുന്നുവെങ്കിലും, നേരിയ മഴ തുടങ്ങിയതോടെ അത് 85 ദശലക്ഷം യുണിറ്റായി കുറഞ്ഞിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തിന് ആവശ്യമുള്ള മൊത്തം വൈദ്യുതിയുടെ 75 ശതമാനത്തോളവും സെന്‍ട്രല്‍ ഗ്രിഡില്‍ നിന്നും മറ്റ് സ്വകാര്യ വൈദ്യുതി ഉൽപാദകരില്‍ നിന്നുമാണ് കെ.എസ്.ഇ.ബി വാങ്ങുന്നത്. ബാക്കി 25 ശതമാനം മാത്രമാണ് സംസ്ഥാനത്തെ ആഭ്യന്തര ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്നത്.

ജൂണ്‍ 1 മുതല്‍ ജൂണ്‍ 12 വരെയുള്ള ആദ്യ കാലയളവില്‍ കേരളത്തില്‍ 22 ശതമാനം അധികം മഴ ലഭിച്ചിരുന്നുവെങ്കിലും, തുടർന്നുള്ള ദിവസങ്ങളിൽ കാലവര്‍ഷം കടുത്ത രീതിയിൽ ദുര്‍ബലമാകുമെന്നാണ് പ്രവചനം. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലെ കുറവും ആഭ്യന്തര ഉൽപ്പാദനത്തിലെ ഇടിവും ഒത്തുചേർന്നതോടെയാണ് പീക്ക് അവറുകളിൽ നേരിയ തോതിൽ നിയന്ത്രണം ഏർപ്പെടുത്തി പ്രതിസന്ധി മറികടക്കാൻ ബോർഡ് നിർബന്ധിതരായത്. ജൂൺ 30 വരെയുള്ള സമയങ്ങളിൽ പൊതുജനങ്ങൾ വൈദ്യുതി ഉപഭോഗം പരമാവധി ചുരുക്കി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.

Related Articles

- Advertisement -spot_img

Latest Articles