റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ അൽ ഖർജിൽ നിര്യാതനായ മലയാളി പ്രവാസി അഹമ്മദ് താഹിർ തയ്വളപ്പിലിന്റെ (48) ഖബറടക്കം നടന്നു. റിയാദ് അൽ ഖർജിലെ സൂക്കിലുള്ള വലിയ പള്ളിയിൽ (ജാമിഅ മസ്ജിദ്) മയ്യിത്ത് നിസ്കാരം നടന്നു. ബന്ധുക്കളും സുഹ്യത്തുകളും അടക്കമുള്ളവർ മയ്യിത്ത് നിസ്കാരത്തിലും ഖബറടക്കത്തിലും പങ്കാളികളായി.
കോഴിക്കോട് കരുവന്തിരുത്തി സ്വദേശിയായ അഹമ്മദ് താഹിർ നിലവിൽ രാമനാട്ടുകര വൈദ്യരങ്ങാടി മണ്ണിൽ തൊടിയിൽ ‘നൗഫ മൻസിലിൽ’ ആയിരുന്നു താമസിസിച്ചിരുന്നത്. കഴിഞ്ഞ 25 വർഷമായി സൗദി അറേബ്യയിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്ന അദ്ദേഹം അഞ്ച് വർഷം മുൻപാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.
നുസ്രത്താണ് ഭാര്യ. മക്കൾ: ഫാത്തിമ നോഹ, ഫാത്തിമ നൂറ, ഫാത്തിമ നൈല. പരേതന്റെ സഹോദരന്മാരായ അബ്ദുൽ ലത്തീഫ്, അബ്ദുൽ സലീം എന്നിവരും സൗദിയിലുണ്ട്. മരണാനന്തര ഔദ്യോഗിക നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ബന്ധുക്കളും കെ.എം.സി.സി ഭാരവാഹികളും സജീവമായി രംഗത്തുണ്ടായിരുന്നു.



