ജെറൂസലേം: ഇസ്രായേലിനെ ദക്ഷിണാഫ്രിക്കയിലെ പഴയ വർണ്ണവിവേചന ഭരണകൂടത്തോട് ഉപമിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, യൂറോപ്യൻ യൂണിയന്റെ വിദേശനയ മേധാവി കാജ കലാസുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും പൂർണ്ണമായി വിച്ഛേദിക്കുന്നതായി ഇസ്രായേൽ വിദേശകാര്യമന്ത്രി ഗിദിയോൻ സാർ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം മെക്സിക്കോ സന്ദർശന വേളയിൽ മെക്സിക്കൻ ഉദ്യോഗസ്ഥരുമായി നടത്തിയ അടച്ചിട്ട മുറിയിലെ ചർച്ചകളിൽ, ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും പലസ്തീനികളോടുള്ള ഇസ്രായേലിന്റെ പെരുമാറ്റത്തെ കാജ കലാസ് കടുത്ത ഭാഷയിൽ വിമർശിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ ഇസ്രായേലിനെ വർണ്ണവിവേചന ഭരണകൂടമെന്ന് വിശേഷിപ്പിച്ചത് ഇസ്രായേലിനെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്.
കാജ കലാസ് ദീർഘകാലമായി ഇസ്രായേലിനോട് അന്ധമായ വിരോധവും തികഞ്ഞ അനീതിയുമാണ് കാണിക്കുന്നതെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ ഗിദിയോൻ സാർ കുറ്റപ്പെടുത്തി. ലോകത്തിലെ ഏക ജൂത രാഷ്ട്രവും പശ്ചിമേഷ്യയിലെ ഏക ജനാധിപത്യ രാജ്യവുമായ ഇസ്രായേലിനെതിരെ അവർ ഉന്നയിച്ച ഈ ‘രക്തരൂഷിതമായ അപവാദം’ പിൻവലിക്കുന്നത് വരെ അവരുമായി യാതൊരുവിധ സമ്പർക്കത്തിനും ഇസ്രായേൽ തയ്യാറാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ഗുരുതരമായ പ്രസ്താവന പുറത്തുവന്നിട്ട് ദിവസങ്ങളായിട്ടും കാജ കലാസിന്റെ ഓഫീസിൽ നിന്നും യാതൊരുവിധ വിശദീകരണമോ തിരുത്തോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂറോപ്യൻ മാധ്യമമായ ‘യൂറോ ആക്റ്റീവ്’ ആണ് കാജ കലാസിന്റെ മെക്സിക്കോ പരാമർശങ്ങൾ ആദ്യം പുറത്തുവിട്ടത്. എന്നാൽ ഇസ്രായേൽ വിദേശകാര്യമന്ത്രിയുടെ കടുത്ത നിലപാടിന് പിന്നാലെ കാജ കലാസ് പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേലുമായുള്ള ആരോഗ്യകരമായ ബന്ധത്തെയും ചർച്ചകളെയും താൻ വിലമതിക്കുന്നുണ്ടെന്നും, എങ്കിലും വെസ്റ്റ് ബാങ്കിലെ ഇസ്രായേലിന്റെ നിയമവിരുദ്ധമായ കുടിയേറ്റങ്ങളെ യൂറോപ്യൻ യൂണിയൻ ശക്തമായി അപലപിക്കുന്നുവെന്നും അവർ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാൻ ‘ദ്വിരാഷ്ട്ര പരിഹാരം’ മാത്രമാണ് ഏക പോംവഴിയെന്നും അവർ കൂട്ടിച്ചേർത്തു. ഗാസ യുദ്ധത്തിന് ശേഷം യൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളും ഇസ്രായേലിനെതിരെ ഉപരോധങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ, ഇപ്പോഴത്തെ ഈ പുതിയ നയതന്ത്ര ഭിന്നത ഇരുപക്ഷവും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



