സി.ജെ.പി പ്രതിഷേധ കേസുകൾ പരിശോധിക്കും; അവയവക്കച്ചവടത്തിൽ എസ്.ഐ.ടി അന്വേഷണം: രമേശ് ചെന്നിത്തല

കൊച്ചി: സി.ജെ.പി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ വിശദമായി പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സാധാരണ ഗതിയിൽ ഇത്തരം കേസുകൾ എടുക്കാറില്ലെന്നും, കൃത്യമായി എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസർകോട് ഉന്നയിക്കപ്പെട്ട ഇ.വി.എം ഹാക്കിങ് ആരോപണവും മന്ത്രി തള്ളി. ഇ.വി.എം ഹാക്കിങ് പ്രായോഗികമല്ലെന്നും അത്തരമൊരു ആരോപണം ശരിയല്ലെന്നും പറഞ്ഞ അദ്ദേഹം, വിഷയം പാർട്ടി വിശദമായി പരിശോധിക്കുമെന്നും തൽക്കാലം ഇതിൽ വ്യക്തതക്കുറവുണ്ടെന്നാണ് കരുതുന്നതെന്നും കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് അവയവക്കച്ചവടം നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘത്തെ (S.I.T) രൂപീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. എസ്.ഐ.ടി ഉടൻ അന്വേഷണം ആരംഭിക്കുമെന്നും യാതൊരു കാരണവശാലും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുൻമന്ത്രി പി.കെ. ശ്രീമതിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെയും മന്ത്രി ശക്തമായി അപലപിച്ചു. മുഖ്യമന്ത്രി തനിക്ക് പരാതി കൈമാറിയിട്ടുണ്ടെന്നും, അപവാദപ്രചാരണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവർത്തകരെ മര്യാദയില്ലാതെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തൊടുപുഴയിൽ പോലീസുകാർ മദ്യപിച്ച സംഭവത്തിൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടരനടപടികളിലേക്ക് കടക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ തീയതി ഇതുവരെ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. എക്സാലോജിക്-സി.എം.ആർ.എൽ കേസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല.

 

Related Articles

- Advertisement -spot_img

Latest Articles