ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ സമ്പൂർണ്ണ നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്ന് ഇറാൻ ആവർത്തിച്ചു വ്യക്തമാക്കി. ഇറാനെ തോൽപ്പിച്ച ശേഷം തന്ത്രപ്രധാനമായ ഈ ജലപാത ഉടൻ തന്നെ ‘അമേരിക്കൻ പ്രദേശമായി’ പ്രഖ്യാപിക്കുമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഇറാൻ പ്രതികരിച്ചത്. ട്വീറ്റുകളിലൂടെയോ വിമാനവാഹിനിക്കപ്പലുകൾ കൊണ്ടോ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ കൊണ്ടോ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി പറഞ്ഞു. ഹോർമുസ് കടലിടുക്ക് പണ്ടുമുതലേ ഇറാന്റെ ഭൂഭാഗമായിരുന്നുവെന്നും ഇനിയും അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ ഔദ്യോഗിക ഉത്തരവിലൂടെ മാത്രമേ ഈ ജലപാത തുറക്കുകയോ അടയ്ക്കുകയോ ചെയ്യുകയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, യു.എസ് തങ്ങളുടെ പരാജയം പൂർണ്ണമായി സമ്മതിക്കുന്നത് വരെ കടലിടുക്കിലെ നാവിക ഉപരോധം തുടരുമെന്നും പ്രഖ്യാപിച്ചു. അതേസമയം, ഇസ്ലാമാബാദ് ധാരണാപത്രം ഒരു താൽക്കാലിക വെടിനിർത്തൽ മാത്രമായിരുന്നില്ല, മറിച്ച് യുദ്ധത്തിന്റെ അവസാനത്തെക്കുറിച്ചുള്ള പ്രഖ്യാപനമായിരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. കരാർ അമേരിക്ക ലംഘിച്ചതിനാലാണ് വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. ന്യൂയോർക്കിൽ നടന്ന റാലിക്കിടെ ട്രംപ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ മേഖലയിൽ സൈനിക തർക്കം രൂക്ഷമായിട്ടുണ്ട്.
ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ വെച്ച് അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ )ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലിന് നേരെ പ്രത്യാക്രമണമുണ്ടായി. കപ്പലിന്റെ ബോഡിക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടാതെ, കഴിഞ്ഞ ജൂണിൽ ആക്രമണത്തിന് ഇരയായി ഒമാൻ തീരത്ത് അടിഞ്ഞ റഷ്യൻ എണ്ണക്കപ്പലായ ‘കരോളിൻ ബെസെംഗി’യിൽ നിന്നുള്ള എണ്ണച്ചോർച്ച ഒമാന്റെ 12 കിലോമീറ്ററോളം തീരപ്രദേശത്തേക്ക് പടർന്നിട്ടുണ്ട്. ഇത് മേഖലയിൽ കടുത്ത പാരിസ്ഥിതിക ആഘാതത്തിന് കാരണമാകുമെന്ന ആശങ്ക വർദ്ധിപ്പിച്ചു. തർക്കങ്ങൾ രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 88 ഡോളറിന് മുകളിലേക്ക് ഉയർന്നു.



