ന്യൂഡൽഹി: അർബുദ ചികിത്സാരംഗത്ത് ചരിത്രപരമായ മുന്നേറ്റത്തിന് വഴിയൊരുക്കി പാർശ്വഫലങ്ങളില്ലാത്ത ‘സ്മാർട്ട് കാൻസർ മരുന്ന്’ ഇന്ത്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ചു. പരമ്പരാഗത കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ ഒഴിവാക്കി, കാൻസർ കോശങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് നശിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ മരുന്ന്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ സയൻസ് ആൻഡ് ടെക്നോളജിയിലെ (IASST) ഡോ. ആസിസ് ബാല, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-ഗുവാഹത്തിയിലെ ഡോ. കെ.പി. ഭബക് എന്നിവരുടെ നേതൃത്വത്തിൽ വികസിപ്പിച്ച ഈ മരുന്നിന് ‘ആർ.കെ 251’ (RK-251) എന്നാണ് പേരിട്ടിരിക്കുന്നത്.
സാധാരണ കോശങ്ങളിൽ നിർജീവമായിരിക്കുകയും, കാൻസർ കോശങ്ങളിൽ ഉയർന്ന അളവിലുള്ള ‘റിയാക്ടീവ് ഓക്സിജൻ സ്പീഷിസ്’ (ROS) ഘടകങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോൾ ഒരു മോളിക്യുലാർ സ്വിച്ച് പോലെ സജീവമാകുകയും ചെയ്യുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തുടർന്ന് ‘NBDHEX’ എന്ന ശക്തമായ ആന്റി-കാൻസർ ഘടകത്തെ പുറത്തുവിട്ട് അർബുദകോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്ന പ്രോട്ടീനുകളെ തടസ്സപ്പെടുത്തി അവയെ നശിപ്പിക്കുന്നു. അർബുദ കോശങ്ങളെ കൊല്ലുന്നതിനൊപ്പം ആരോഗ്യമുള്ള കോശങ്ങളെയും ബാധിക്കുന്ന പരമ്പരാഗത കീമോതെറാപ്പിയുടെ പ്രതിസന്ധിക്ക് ഇത് മികച്ച പരിഹാരമാകും.
കടുത്ത ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദ കോശങ്ങളിലും സീബ്രാഫിഷ് ഭ്രൂണങ്ങളിലും നടത്തിയ പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മരുന്ന് മികച്ച ഫലപ്രാപ്തിയും സുരക്ഷിതത്വവും കാണിച്ചിട്ടുണ്ട്. എന്നാൽ മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണം നടത്തുന്നതിന് മുമ്പ് ഇതിന്റെ അനുയോജ്യമായ അളവ് (dose), ശരീരത്തിലെ ആഗിരണ ശേഷി, ട്യൂമറുകളെ ചെറുക്കാനുള്ള കഴിവ് തുടങ്ങിയവ സംബന്ധിച്ച് ഇനിയും വിപുലമായ പഠനങ്ങളും റെഗുലേറ്ററി അനുമതികളും ആവശ്യമാണ്. വരും പഠനങ്ങളിലും വിജയകരമാണെന്ന് തെളിഞ്ഞാൽ ലക്ഷ്യകേന്ദ്രീകൃത കാൻസർ ചികിത്സകളുടെ പുതിയൊരു തലമുറയ്ക്ക് ഇത് തുടക്കമിടും.



