കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ ദാരുണമായി മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവും അഡീഷണൽ സെഷൻസ് ജഡ്ജിയുമായ വ്യക്തിക്കെതിരെ കേസെടുക്കാൻ പോലീസ് നടപടികൾ ആരംഭിച്ചു. പ്രായപൂർത്തിയാകാത്തതും ലൈസൻസില്ലാത്തതുമായ മകന് വാഹനം ഓടിക്കാൻ നൽകിയെന്ന ഗുരുതര കുറ്റത്തിനാണ് മോട്ടോർ വാഹന നിയമപ്രകാരം നടപടിയെടുക്കുന്നത്.
അപകടമുണ്ടാക്കിയ ആഡംബര കാറിന്റെ ആർ.സി ഉടമ ജഡ്ജി തന്നെയാണ്. എന്നാൽ മകൻ വാഹനം എടുത്തു കൊണ്ടുപോയ വിവരം തനിക്ക് അറിയുമായിരുന്നില്ലെന്നും അവൻ ആദ്യമായിട്ടാണ് വാഹനം ഓടിക്കുന്നതെന്നുമാണ് അദ്ദേഹം പോലീസിന് നൽകിയ വിശദീകരണം. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. തട്ടുകടയിലെ ജോലി പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണന്റെ സ്കൂട്ടറിന് പിന്നിലേക്ക് അമിതവേഗതയിലെത്തിയ ബെൻസ് കാർ പാഞ്ഞുകയറുകയായിരുന്നു. ശക്തമായ ഇടിയിൽ സ്കൂട്ടർ പൂർണ്ണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ചെയ്തു. അദ്ദേഹം കൊണ്ടുപോയിരുന്ന അരിയും മറ്റ് ഭക്ഷണസാധനങ്ങളും മീറ്ററുകളോളം ദൂരത്തേക്ക് റോഡിൽ ചിതറിത്തെറിച്ച നിലയിലായിരുന്നു.
അപകടത്തിന് പിന്നാലെ വാഹനമോടിച്ച പതിനേഴുകാരനെയും ബെൻസ് കാറും ചേരാനല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടസമയത്ത് ശക്തമായ മഴയുണ്ടായിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞത്. പൊതുവഴിയിൽ അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ച് ജീവഹാനിയുണ്ടാക്കിയതിന് ഭാരതീയ ന്യായ സംഹിതയിലെ (BNS) 281, 106 (1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ ചേരാനല്ലൂർ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.



