തൊടുപുഴ: ഇടുക്കി മാങ്കുളത്ത് സ്വകാര്യ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരം കടപുഴകിവീണ് രണ്ട് തോട്ടം തൊഴിലാളികൾക്ക് ദാരുണാന്ത്യം. സിങ്കുകുടി സ്വദേശിനികളായ വീരലക്ഷ്മി, സില്ലിയമ്മ എന്നിവരാണ് മരണപ്പെട്ടത്. ഇരുവരും സിങ്കുകുടി ആദിവാസി ഉന്നതിയിൽപ്പെട്ടവരാണ്.
തോട്ടത്തിൽ പണിയെടുത്തു കൊണ്ടിരിക്കവെ ഉണങ്ങി നിന്നിരുന്ന ഒരു പടുകൂറ്റൻ മരം തൊഴിലാളികളുടെ മേലേക്ക് പതിക്കുകയായിരുന്നു. മരത്തിനടിയിൽപെട്ട ഇവരെ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. എന്നാൽ അപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപകടസമയത്ത് മഴയുണ്ടായിരുന്നില്ലെങ്കിലും ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദ്ദേശപ്രകാരം തോട്ടം ജോലികളും തൊഴിലുറപ്പ് പണികളും നിരോധിച്ചിരുന്നു. ഈ ഉത്തരവ് ലംഘിച്ച് പണിക്കിറങ്ങിയപ്പോഴാണ് ഈ വലിയ ദുരന്തമുണ്ടായത്.



