റിയാദ്: സൗദി ഇലക്ട്രിസിറ്റി കമ്പനിയും നാഷണൽ വാട്ടർ കമ്പനിയും 2027 ജനുവരി 1 മുതൽ നിലവിൽ വരുന്ന വൈദ്യുതി, ജല ഉപഭോഗ നിരക്കുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ, പൗരന്മാർക്ക് ആശ്വാസമേകാൻ വൻ പദ്ധതികളുമായി സൗദി അറേബ്യ. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമീറിന്റെ നിർദ്ദേശപ്രകാരം സൽമാൻ രാജാവാണ് പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
പുതിയ പ്രഖ്യാപനപ്രകാരം സിവിലിയൻ-സൈനിക ജീവനക്കാർ, പെൻഷൻകാർ, സോഷ്യൽ ഇൻഷുറൻസ് ഗുണഭോക്താക്കൾ എന്നിവർക്ക് പ്രതിമാസം 500 സൗദി റിയാൽ അലവൻസായി ലഭിക്കും. വർദ്ധിച്ചുവരുന്ന വൈദ്യുതി, ജല നിരക്കുകളുടെ ഭാരം കുറയ്ക്കാൻ സോഷ്യൽ സെക്യൂരിറ്റി വിഭാഗത്തിൽപ്പെട്ടവർക്കും പ്രതിമാസം 500 റിയാൽ വീതം നൽകും.
ഇതിനുപുറമെ, സ്വകാര്യ മേഖലയിലെ നിതാഖാത് സൗദി വൽക്കരണ നിരക്കിൽ ഉൾപ്പെടുന്ന സ്വദേശി ജീവനക്കാരുടെ മിനിമം വേതനം 5,000 റിയാലായും, 12 മാസത്തിന് ശേഷം 6,000 റിയാലായും ഉയർത്താൻ തീരുമാനമായി. സ്വകാര്യ മേഖലയിൽ സ്വദേശികളുടെ തൊഴിൽ പങ്കാളിത്തവും ജീവിതനിലവാരവും ഉയർത്താനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.



