കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ബിരുദദാന ചടങ്ങിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന് നേരെ എസ്.എഫ്.ഐ പ്രവർത്തകരുടെ കടുത്ത പ്രതിഷേധം. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സമരം. പ്രതിഷേധം കനത്തതോടെ ഉദ്ഘാടന പ്രസംഗം പൂർത്തിയാക്കാനാകാതെ മന്ത്രി വേദിവിട്ടിറങ്ങി.
ഉച്ചയ്ക്ക് രണ്ട് മണിയോടെ കോളജ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച ബിരുദദാന ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സംഭവം. സംസ്കൃത സർവകലാശാലയിലെ വിഷയം ഉന്നയിച്ച് സദസ്സിൽ നിന്ന വിദ്യാർത്ഥികൾ മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി. പ്രസംഗത്തിന് ശേഷം മറുപടി നൽകാമെന്ന് മന്ത്രി വ്യക്തമാക്കിയെങ്കിലും ചോദ്യങ്ങൾ തുടരുകയായിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാർ ചോദ്യം ഉന്നയിച്ച വിദ്യാർത്ഥിനിയെ നീക്കം ചെയ്യാൻ ശ്രമിച്ചതോടെ എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി.
തുടർന്ന് ഓഡിറ്റോറിയത്തിനുള്ളിൽ കറുത്ത ബാനറുകളും പ്ലക്കാർഡുകളുമായി എത്തിയ പ്രവർത്തകർ മന്ത്രിയെ വേദിയിൽ വളഞ്ഞു. ഇതോടെ പ്രസംഗം ഇടയ്ക്കുവെച്ച് അവസാനിപ്പിച്ച് മന്ത്രി റോജി എം. ജോൺ പുറത്തേക്ക് പോയി. വേദിയിൽ നിന്ന് പുറത്തിറങ്ങിയ മന്ത്രിയെ പിന്തുടർന്നും വിദ്യാർത്ഥികൾ പ്രതിഷേധവും ചോദ്യം ചെയ്യലും തുടർന്നു.



