മാധ്യമം പത്രത്തിലെ ശമ്പള നിഷേധം: സംയുക്ത ട്രേഡ് യൂണിയൻ സമിതി കോഴിക്കോട് ആസ്ഥാനത്തിന് മുന്നിൽ ശനിയാഴ്‌ച സത്യഗ്രഹം നടത്തും

കോഴിക്കോട്: മാധ്യമം ദിനപത്രത്തിൽ ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്നതിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ദേശീയ-സംസ്ഥാന നേതാക്കൾ ശനിയാഴ്ച കോഴിക്കോട്ടെ മാധ്യമം ആസ്ഥാനത്തിന് മുന്നിൽ സത്യഗ്രഹം നടത്തും. ശമ്പള കുടിശ്ശിക ഒമ്പതാം മാസത്തിലേക്ക് കടന്നിട്ടും അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കാൻ മാനേജ്‌മെന്റോ സർക്കാരോ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് ഈ നീക്കമെന്ന് ട്രേഡ് യൂണിയൻ സമിതി അറിയിച്ചു. കേരള പത്രപ്രവർത്തക യൂണിയന്റെയും (KUWJ) കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷന്റെയും (KNEAF) നേതൃത്വത്തിൽ സെപ്റ്റംബർ മൂന്ന് മുതൽ ആരംഭിച്ച സമരം മൂന്നാം മാസത്തിലേക്ക് കടക്കുമ്പോഴാണ് സമരം കൂടുതൽ ശക്തമാക്കുന്നത്.

സ്ഥിരം തൊഴിലാളികളെക്കൊണ്ട് നിർബന്ധിതമായി രാജി വെപ്പിക്കുന്നതിനും കരാർ വത്കരണത്തിന് നിർബന്ധിക്കുന്നതിനുമായി മാനേജ്‌മെന്റ് ശമ്പളത്തെ ആയുധമാക്കുകയാണെന്ന് സംയുക്ത സമിതി കുറ്റപ്പെടുത്തി. കരാർ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകുമ്പോൾ, സ്ഥിരം ജീവനക്കാർക്ക് ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നുള്ള നാമമാത്രമായ തുക മാത്രമാണ് ഒക്ടോബർ അവസാനത്തോടുകൂടിയും നൽകിയിട്ടുള്ളത്. നാളെ നടക്കുന്ന സത്യഗ്രഹ സമരത്തിൽ സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, എസ്‌.ടി.യു അഖിലേന്ത്യാ പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം തുടങ്ങി വിവിധ പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കാളികളാകും.

അതിനിടെ, മാധ്യമത്തിലെ തൊഴിൽ പ്രതിസന്ധി അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അടിയന്തര യോഗം വിളിച്ചുചേർക്കണമെന്ന് സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കിക്കൊണ്ടുള്ള തൊഴിൽ വകുപ്പിന്റെ റിപ്പോർട്ട് പൂർണ്ണമായും നടപ്പിലാക്കാൻ മാനേജ്‌മെന്റിന് കർശന നിർദ്ദേശം നൽകണമെന്നും കെ.യു.ഡബ്ല്യു.ജെ, കെ.എൻ.ഇ.എഫ് നേതാക്കളായ കെ.പി. റജി, സുരേഷ് എടപ്പാൾ, വി.എസ്. ജോൺസൺ, ജയ്‌സൺ മാത്യു എന്നിവർ കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles