കാസറഗോഡ്: പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചെന്ന വിവാദത്തിന് പിന്നാലെ സി.പി.എം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാലിനെ സ്ഥാനത്തുനിന്ന് മാറ്റി. പി.വി. രാജേന്ദ്രനാണ് പകരം പുതിയ ഏരിയ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാൽ മധു സ്വയം സ്ഥാനമൊഴിയുകയായിരുന്നു എന്നാണ് ജില്ലാ നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം.
മാസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാർട്ടി പ്രവർത്തകയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മധുവിനെതിരെ പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലും കടുത്ത അമർഷവും പ്രതിഷേധവും ഉയർന്നിരുന്നു. ഉന്നത ഭാരവാഹിക്കെതിരെ ഇത്രയും ഗൗരവകരമായ ആരോപണം ഉയർന്നിട്ടും ഉടനടി അച്ചടക്ക നടപടി സ്വീകരിക്കാതിരുന്നതിൽ പാർട്ടി അണികൾക്കിടയിൽ നിന്നുതന്നെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള മാറ്റം.



