റിയാദ്: സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ 94 സാങ്കേതിക എൻജിനീയറിങ് തസ്തികകളിലെ സൗദിവൽക്കരണ നിരക്ക് 35 ശതമാനമായി ഉയർത്താൻ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയവുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ നിർണായക തീരുമാനം 2027 മേയ് 9 മുതൽ പ്രാബല്യത്തിൽ വരും. അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ ഇത്തരം എൻജിനീയറിങ് തസ്തികകളിൽ 30 ശതമാനം സൗദിവൽക്കരണം നിലവിൽ പ്രാബല്യത്തിലുണ്ട്. ഇതിന്റെ തുടർച്ചയായാണ് നിരക്ക് 35 ശതമാനമായി ഉയർത്തുന്നത്.
‘സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷൻസ്’ പട്ടികയിൽ ഉൾപ്പെടുന്ന സിവിൽ എൻജിനീയറിങ് ടെക്നീഷ്യൻ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് എൻജിനീയറിങ് ടെക്നീഷ്യന്മാർ, സർവേയിങ് ടെക്നീഷ്യൻ, മെക്കാനിക്കൽ മെയിന്റനൻസ് ടെക്നീഷ്യൻ, ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ തുടങ്ങിയ 94 അനുബന്ധ എൻജിനീയറിങ്-സാങ്കേതിക തൊഴിലുകളെയാണ് പുതിയ ഉത്തരവ് ബാധിക്കുക. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസികളാണ് നിലവിൽ ഈ മേഖലകളിൽ ജോലി ചെയ്യുന്നത്. കമ്പനികൾക്ക് മന്ത്രാലയത്തിന്റെ ഭേദഗതികൾ നിർബന്ധമായും പാലിക്കേണ്ടി വരുന്നതോടെ പ്രവാസികൾക്ക് വ്യാപകമായി തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
സൗദി അറേബ്യയുടെ ‘ലേബർ മാർക്കറ്റ് സ്ട്രാറ്റജി’, ‘സൗദി വിഷൻ 2030’ എന്നിവയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം പുതിയ നിയമം കൊണ്ടുവരുന്നത്. പ്രത്യേക സാങ്കേതിക തൊഴിൽ മേഖലകളിൽ സ്വദേശി പങ്കാളിത്തം വിപുലീകരിക്കാനും, പ്രാദേശിക പ്രതിഭകളെ ശാക്തീകരിച്ച് തൊഴിൽ വിപണി ശക്തിപ്പെടുത്താനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഉത്തരവ് നടപ്പിലാക്കാൻ ആവശ്യമായ സാവകാശം സ്ഥാപനങ്ങൾക്കുണ്ടെങ്കിലും ഭാവിയിൽ വിദേശ തൊഴിലാളികളുടെ നിയമനത്തെ ഇത് പ്രതികൂലമായി ബാധിക്കും.



