ഈജിപ്തിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് നാല് മരണം; നിരവധി പേർക്ക് പരിക്ക്

കെയ്‌റോ: ഈജിപ്തിലെ ഗിസ പ്രവിശ്യയിലുണ്ടായ ദാരുണമായ റെയിൽ അപകടത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗിസയിലെ അൽ അയ്യാത്ത് മേഖലയിൽ വെച്ചാണ് രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ ട്രെയിനിന്റെ നിരവധി കോച്ചുകൾ പാളം തെറ്റി മറിഞ്ഞു.

ഗിസയിൽ നിന്ന് ഫയൂമിലേക്ക് സർവീസ് നടത്തുകയായിരുന്ന ട്രെയിൻ, കെയ്‌റോയിൽ നിന്ന് അസ്വാനിലേക്ക് പോവുകയായിരുന്ന മറ്റൊരു ട്രെയിനിന്റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി വിദഗ്ധ ചികിത്സ ലഭ്യമാക്കി. അപകടസ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി രക്ഷാസേനയെയും തകർന്ന കോച്ചുകൾ നീക്കം ചെയ്യാൻ ക്രെയിനുകളെയും വിന്യസിച്ചതായി ഈജിപ്ഷ്യൻ റെയിൽവേ അതോറിറ്റി വ്യക്തമാക്കി. പാളം തെറ്റിയ കോച്ചുകൾ നീക്കി റെയിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

അപകടം നടന്ന അൽ അയ്യാത്ത് മേഖല മുൻപും സമാനമായ ട്രെയിൻ അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലും ഇവിടെ രണ്ട് ചരക്കുതീവണ്ടികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടാവുകയും ലോക്കോമോട്ടീവ് ഡ്രൈവർക്കും സഹായിക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

Related Articles

- Advertisement -spot_img

Latest Articles