ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ റോഡ്സ് സ്‌കോളർഷിപ്പ് രണ്ടു സൗദി വിദ്യാർത്ഥിനികൾക്ക്

റിയാദ്: ലോകത്തിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ റോഡ്സ് സ്‌കോളർഷിപ്പിന് സൗദി അറേബ്യയിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥിനികൾ അർഹരായി. ജൂദി അൽ അഹ്മദി, ലീന അൽ ഷനഫി എന്നിവരാണ് ഈ വർഷത്തെ അഭിമാനകരമായ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത വർഷം ഒക്ടോബറിൽ ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി ഇരുവരും ചേരും. ലോകമെമ്പാടുമുള്ള നൂറിലധികം പ്രതിഭാധനരായ പഠിതാക്കളുടെ സംഘത്തോടൊപ്പമാണ് സൗദിയിൽ നിന്നുള്ള ഈ വിദ്യാർത്ഥിനികളും ഉന്നതപഠനം നടത്തുക.

കിംഗ് അബ്ദുൽ അസീസ് സർവ്വകലാശാലയിൽ നിന്ന് ഫിസിക്സിൽ ഉയർന്ന നേട്ടത്തോടെ ബിരുദം നേടിയ ജൂദി അൽ അഹ്മദി നിലവിൽ ഓക്സ്ഫോർഡിൽ ക്വാണ്ടം ടെക്നോളജിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്. ആറ്റോമിക് ആൻഡ് ലേസർ ഫിസിക്സിൽ ഡോക്ടറേറ്റ് നേടാനും സൗദിയിൽ ക്വാണ്ടം സാങ്കേതികവിദ്യ വികസിപ്പിക്കാനുമാണ് ജൂദി ലക്ഷ്യമിടുന്നത്. പെൻസിൽവാനിയ സർവ്വകലാശാലയിൽ നിന്ന് ഇക്കണോമിക്സിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം കരസ്ഥമാക്കുന്ന ലീന അൽ ഷനഫി ഹെൽത്ത് കെയർ മാനേജ്‌മെന്റിലും ധനകാര്യ മേഖലയിലും ഗവേഷണങ്ങൾ നടത്തിവരുന്നു.

ഓക്സ്ഫോർഡിൽ ഗ്ലോബൽ ഹെൽത്ത് സയൻസ്, ഡിജിറ്റൽ ഹെൽത്ത് എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം സൗദിയിലെ ആരോഗ്യ നയരൂപീകരണത്തിലും വികസനത്തിലും പങ്കാളിയാകാനാണ് ലീന ഉദ്ദേശിക്കുന്നത്. സൗദി അറേബ്യയുടെ ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസത്തിന് നൽകുന്ന മുൻഗണനയും യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളുമാണ് അന്താരാഷ്ട്ര തലത്തിൽ ഇത്തരം വലിയ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles