ഏദൻ: ഹൂതി മിലീഷ്യകൾക്ക് ആയുധങ്ങൾ നൽകുന്നതും സൈനിക വിദഗ്ധരെ നിയോഗിക്കുന്നതും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ നടത്തുന്ന ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും, യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതിനും ഹൂതികൾക്ക് നയതന്ത്ര പരിരക്ഷ നൽകുന്നതിനുമാണ് ടെഹ്റാൻ ശ്രമിക്കുന്നതെന്നും യമൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
സൗദി അറേബ്യ യമന്റെ പരമാധികാരം ലംഘിക്കുന്നുവെന്നും ജനവാസ മേഖലകളിൽ വ്യോമാക്രമണം നടത്തുന്നുവെന്നുമുള്ള ഇറാന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ചാണ് ഏദൻ ആസ്ഥാനമായുള്ള യമൻ ഗവൺമെന്റ് നിലപാട് വ്യക്തമാക്കിയത്. ഹൂതികൾക്ക് സാമ്പത്തികവും സൈനികവുമായ പിന്തുണ നൽകുന്നതിന് പുറമെ, ഇറാന്റെ വിപ്ലവ ഗാർഡിലെ 14 പേരും ലെബനനിലെ ഹിസ്ബുള്ളയിലെ ഏഴ് പേരും ഉൾപ്പെടെ 21 വിദേശ സൈനിക വിദഗ്ധർ ഹൂതികളുടെ സൈനിക നീക്കങ്ങൾക്കും ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്കും നേരിട്ട് നേതൃത്വം നൽകുന്നതായി യമൻ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ (2216, 2624) ലംഘിച്ചാണ് ഇറാന്റെ ഈ ഇടപെടലുകളെന്നും യമൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 12 വർഷത്തെ യുദ്ധത്തിനിടയിൽ സൗദി അറേബ്യ യമനിലെ ജനങ്ങൾക്ക് മാനുഷികവും വികസനപരവുമായ സഹായങ്ങൾ നൽകിയപ്പോൾ, ഇറാൻ രാജ്യത്തേക്ക് മിസൈലുകളും സ്ഫോടകവസ്തുക്കളും മാത്രമാണ് അയച്ചതെന്നും, യമന്റെ പരമാധികാരം മാനിക്കണമെങ്കിൽ ഇറാൻ ഉടൻ തന്നെ തങ്ങളുടെ സൈനിക വിദഗ്ധരെ പിൻവലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.



