കർണാടക എസ്‌ഐആർ: മുസ്‌ലിം എം.എൽ.എമാരുടെ മണ്ഡലങ്ങളിൽ നിന്ന് കൂട്ടത്തോടെ വോട്ടുകൾ വെട്ടിയതായി റിപ്പോർട്ട്

ബെംഗളൂരു: കർണാടകയിൽ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി മുസ്‌ലിം എം.എൽ.എമാർ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിൽ നിന്ന് വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയതായി റിപ്പോർട്ട്. രാഷ്ട്രീയ ഗവേഷണ കൺസൾട്ടൻസിയായ ‘സങ്കൽപ്’ പുറത്തുവിട്ട കണക്കുകളെ അടിസ്ഥാനമാക്കി ‘വാർത്താഭാരതി’യാണ് ഈ നിർണായക വിവരം പുറത്തുവിട്ടത്. കർണാടകയിൽ മൊത്തത്തിലുള്ള വോട്ട് നീക്കം ചെയ്യൽ നിരക്ക് 19.45 ശതമാനമായിരിക്കെ, മുസ്‌ലിം എം.എൽ.എമാരുടെ പത്ത് മണ്ഡലങ്ങളിൽ ഇത് 27.59 ശതമാനമായി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

2025 ലെ വോട്ടർ പട്ടിക പ്രകാരം ചാമരാജ്പേട്ട്, ശിവാജിനഗർ, നരസിംഹരാജ, ഗുൽബർഗ നോർത്ത്, രാമനഗരം, മംഗളൂരു, ശാന്തിനഗർ, ബിദർ, ബെളഗാവി നോർത്ത്, ഷിഗ്ഗാവ് എന്നീ പത്ത് മണ്ഡലങ്ങളിലായി 9,62,359 മുസ്‌ലിം വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽ 2,46,759 പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. അതായത് ഈ മണ്ഡലങ്ങളിലെ മുസ്‌ലിം വോട്ടർമാരുടെ നീക്കം ചെയ്യൽ നിരക്ക് 25.64 ശതമാനമാണ്. സഫീർ അഹമ്മദ് ഖാൻ, റിസ്വാൻ അർഷാദ്, തൻവീർ സെയ്ത്, കനീസ്‌ ഫാത്തിമ, എച്ച്.എ ഇഖ്ബാൽ ഹുസൈൻ, യു.ടി ഖാദർ തുടങ്ങിയ പ്രമുഖരാണ് ഈ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നത്. അതേസമയം, കോൺഗ്രസിന് 60 ശതമാനത്തിലേറെ വോട്ട് ലഭിച്ച ശക്തമായ ബൂത്തുകളിൽ നിന്ന് മാത്രം 22.35 ലക്ഷത്തിലധികം വോട്ടർമാരെ ഒഴിവാക്കിയതായും വിശകലനം ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്ത് ആകെ 1,07,96,339 വോട്ടർമാരെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുള്ളത്.

വോട്ടർമാരെ ഒഴിവാക്കുന്നതിൽ സ്വീകരിച്ച കാരണങ്ങളിലും വലിയ തോതിലുള്ള അസമത്വങ്ങൾ ഉള്ളതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കർണാടകയിലെ ആകെ ജനസംഖ്യയിൽ 12.9 ശതമാനം മാത്രമുള്ള മുസ്‌ലിം വിഭാഗത്തിൽപ്പെട്ടവരെയാണ് ‘കണ്ടെത്താനായില്ല’ (17.1%), ‘മറ്റൊരിടത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്’ (20.3%) തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് കൂടുതൽ ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി നീക്കം ചെയ്തവരിൽ മുസ്‌ലിംകളുടെ പങ്ക് 12.2 ശതമാനം മാത്രമാണ്. വോട്ടർമാരെ കണ്ടെത്താനായില്ലെന്നും മറ്റൊരിടത്ത് വോട്ടുണ്ടെന്നും കാണിച്ചുള്ള ഒഴിവാക്കലുകളുടെ കൃത്യതയും അതിനായി ഉപയോഗിച്ച മാനദണ്ഡങ്ങളും കടുത്ത സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

Related Articles

- Advertisement -spot_img

Latest Articles