സൗദി-സിറിയ പ്രതിരോധ കരാറിന് വഴിയൊരുങ്ങുന്നു; ‘മക്ക സഖ്യ’ത്തിൽ സിറിയ പങ്കാളിയാകാനും ആലോചന

റിയാദ്: സൗദി അറേബ്യയും സിറിയയും തമ്മിൽ ഒപ്പുവെച്ച സൈനിക സഹകരണ കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ പ്രതിരോധ കരാറിലേക്കോ, സുപ്രധാനമായ ‘മക്ക സഖ്യ’ത്തിൽ സിറിയ പങ്കാളിയാകുന്നതിലേക്കോ നയിച്ചേക്കുമെന്ന് നയതന്ത്ര വൃത്തങ്ങൾ. ദേശീയ താൽപര്യങ്ങൾ മുൻനിർത്തി സൈനിക വിവരങ്ങൾ പരസ്പരം പങ്കുവെക്കാനും സംയുക്ത പരിശീലനങ്ങൾ നടക്കാനും പുതിയ കരാർ വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിറിയൻ സൈന്യത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനും സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് ഇതിലൂടെ മുൻഗണന നൽകുന്നത്.

ഈ സഹകരണത്തിന്റെ ഭാഗമായി അടുത്ത മാസം മുതൽ സൗദി പ്രതിനിധി സംഘങ്ങൾ സിറിയ സന്ദർശിക്കാൻ പദ്ധതിയിടുന്നുണ്ട്. വരുംകാലങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും, പൊതുവായ താൽപര്യങ്ങൾ മുൻനിർത്തി പരസ്പര പ്രതിരോധ കരാറിലെത്താൻ സാധ്യതയുണ്ടെന്നും നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, യെമനിലേക്ക് സിറിയ സൈന്യത്തെ അയക്കാൻ ഒരുങ്ങുന്നുവെന്ന തരത്തിൽ ചില കോണുകളിൽ നിന്ന് പ്രചരിക്കുന്ന വാർത്തകൾ നയതന്ത്ര വൃത്തങ്ങൾ പൂർണ്ണമായി നിഷേധിച്ചു. ഇത്തരം പ്രചാരണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അവർ വ്യക്തമാക്കി. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തമാക്കുക, അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണം വേഗത്തിലാക്കുക, സാമ്പത്തിക ഭദ്രത വീണ്ടെടുക്കുക എന്നിവയ്ക്കാണ് സിറിയ നിലവിൽ മുൻഗണന നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ച സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറ റിയാദ് സന്ദർശിച്ച വേളയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ നിർണായകമായ സൈനിക സഹകരണ കരാർ ഒപ്പുവെച്ചത്.

Related Articles

- Advertisement -spot_img

Latest Articles