കമ്മീഷണറുടെ വാക്ക് വിശ്വസിച്ച് റൂട്ട് മാറ്റി, എന്നിട്ടും കേസെടുത്തു; ഗതാഗതക്കുരുക്കിൽ കേസെടുത്തതിനെതിരെ യൂത്ത് ലീഗ്

കൊച്ചി: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊച്ചിയിൽ നടത്തിയ റാലിക്കിടെ ഗതാഗതക്കുരുക്കുണ്ടാക്കിയെന്നാരോപിച്ച് പൊലീസ് കേസെടുത്ത സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് ലീഗ് നേതൃത്വം രംഗത്ത്. പോലീസ് കമ്മീഷണറുടെ അഭ്യർത്ഥന മാനിച്ച് റൂട്ട് മാറ്റി നൽകിയിട്ടും കേസെടുത്തത് നീതീകരിക്കാനാവില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആദ്യം കളമശേരിയോ അല്ലെങ്കിൽ കലൂർ സ്റ്റേഡിയം പരിസരത്തോ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന റാലി, കമ്മീഷണറുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്നാണ് ബോൾഗാട്ടിയിലേക്ക് മാറ്റിയത്. ബോൾഗാട്ടിയിൽ നിന്ന് റാലി ആരംഭിച്ചാൽ ഗതാഗത തടസ്സമില്ലാതെ നിയന്ത്രിക്കാൻ സാധിക്കുമെന്നും ആവശ്യമായ പൊലീസ് സന്നാഹം ഒരുക്കാമെന്നും കമ്മീഷണർ ഉറപ്പു നൽകിയിരുന്നതായി ജിഷാൻ ചൂണ്ടിക്കാണിച്ചു. ഈ നിർദ്ദേശം പാലിച്ച് മണിക്കൂറുകൾക്ക് മുൻപ് തന്നെ റൂട്ടിൽ മാറ്റം വരുത്തിയ വിവരം പ്രവർത്തകരെ അറിയിക്കുകയും, വൈറ്റ് ഗാർഡ് അംഗങ്ങളുടെ സഹായത്തോടെ ഗതാഗതക്കുരുക്ക് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉൾപ്പെടെയുള്ള 12 പ്രധാന നേതാക്കൾക്കും കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പ്രവർത്തകർക്കുമെതിരെയാണ് കൊച്ചിയിൽ ഗതാഗത തടസ്സമുണ്ടാക്കിയെന്ന കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുള്ളത്. ഗോശ്രീ പാലം മുതൽ മറൈൻഡ്രൈവ് വരെ നടന്ന റാലിക്കിടെയുണ്ടായ ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിലാണ് നടപടി. വോട്ടവകാശ നിഷേധത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന പൊലീസിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.

Related Articles

- Advertisement -spot_img

Latest Articles