റവന്യൂ മന്ത്രി വാക്ക് പാലിച്ചു; സഭ നിർദേശിച്ചയാളെ സ്റ്റാഫാക്കിയതിൽ നന്ദി അറിയിച്ച് ജോസഫ് പാംപ്ലാനി

കാസർകോട്: സഭ ആവശ്യപ്പെട്ട വ്യക്തിയെ റവന്യൂ വകുപ്പിൽ മന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിയായി നിയമിച്ചതിൽ നന്ദി രേഖപ്പെടുത്തി തലശ്ശേരി രൂപതാ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കാസർകോട് വെള്ളരിക്കുണ്ടിൽ നടന്ന കെ.സി.വൈ.എം യുവജന സമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രി നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടതായി ബിഷപ്പ് പരസ്യമായി വ്യക്തമാക്കിയത്.

മലയോര ജനതയുടെ പ്രശ്നങ്ങളും പ്രയാസങ്ങളും കൃത്യമായി മനസ്സിലാക്കുന്ന ഒരാൾ റവന്യൂ മന്ത്രിയുടെ ഓഫിസിലുണ്ടാകണമെന്നത് സഭയുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നുവെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. സഭയ്ക്ക് സ്വീകാര്യനായ ആരെയും ഈ പദവിയിലേക്ക് നിർദ്ദേശിക്കാമെന്നും ആ വ്യക്തിയെത്തന്നെ നിയമിക്കാമെന്നും മന്ത്രി ഉറപ്പുനൽകിയിരുന്നു. തങ്ങൾ നൽകിയ പേര് അംഗീകരിച്ചുകൊണ്ട് സഭ നിർദ്ദേശിച്ച വ്യക്തിയെത്തന്നെ മന്ത്രി പ്രസ്തുത സ്ഥാനത്ത് നിയമിച്ചുവെന്നും, മലയോര ജനതയോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ബിഷപ്പ് പാംപ്ലാനിയുടെ ഈ പ്രശംസ. തുടക്കത്തിൽ ഇതൊരു വെറും വാഗ്ദാനമായിരിക്കുമെന്നാണ് കരുതിയതെങ്കിലും മന്ത്രി ആ വാക്ക് പൂർണ്ണമായും പാലിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെ ഈ മാതൃകാപരമായ നടപടി മലയോര മേഖലയിലെയും കുടിയേറ്റ ജനതയുടെയും ഭൂപ്രശ്നങ്ങളിൽ കൂടുതൽ ഫലപ്രദമായി ഇടപെടാൻ സഭയ്ക്ക് സഹായകരമാകുമെന്നും ബിഷപ്പ് വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles