ഫ്ലോറിഡ: ഇറാന്റെ ആണവാഭിലാഷങ്ങളിൽ നിന്ന് ലോകത്തെ സംരക്ഷിക്കുന്നതിനായി ഡൊണാൾഡ് ട്രംപ് ആരംഭിച്ച സൈനിക നടപടി ജനപ്രിയമായ ഒന്നായിരുന്നില്ലെങ്കിലും രാജ്യസുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായിരുന്നുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ (മിഡ്‌ടേം ഇലക്ഷൻ) ട്രംപിന്റെ നയങ്ങൾക്കെതിരെ ഉയർന്ന ശക്തമായ ജനവികാരവും റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട കനത്ത തിരിച്ചടിയും നിലനിൽക്കെയാണ് പാരീസിലെ ജി-7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലേക്ക് പുറപ്പെടും മുൻപ് റൂബിയോയുടെ ഈ പ്രതികരണം. യുദ്ധത്തെ തുടർന്ന് ഇന്ധനവില കുതിച്ചുയർന്നതും സാമ്പത്തിക മേഖലയിലുണ്ടായ ആഘാതവുമാണ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തിനും കോൺഗ്രസിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം പിടിച്ചെടുക്കാനും ഇടയാക്കിയത്.
ഇറാൻ സൃഷ്ടിക്കുന്ന യഥാർത്ഥ ഭീഷണിയെ തിരിച്ചറിഞ്ഞാണ് ട്രംപ് പ്രവർത്തിച്ചതെന്നും, രാജ്യത്തിന്റെ ഭാവി സുരക്ഷയ്ക്ക് കടുത്ത തീരുമാനങ്ങൾ എടുക്കുന്നത് ജനപ്രീതിയുള്ള കാര്യമാകണമെന്നില്ലെന്നും റൂബിയോ വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പിലെ പരാജയത്തിന് ഇറാന് എതിരായ യുദ്ധമാണ് കാരണമെന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പരാമർശത്തിൽ പ്രതികരിക്കാൻ റൂബിയോ തയ്യാറായില്ല. എന്നാൽ ചരിത്രത്തിൽ തങ്ങൾ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നായി ഈ യുദ്ധം വിലയിരുത്തപ്പെടുമെന്നും, ഇറാൻ ആണവായുധം സ്വന്തമാക്കിയിരുന്നെങ്കിൽ അത് ലോകത്തെ തകർക്കുമായിരുന്നുവെന്നും ട്രംപ് പ്രതികരിച്ചു. നിലവിൽ ഖത്തറിന്റെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും, ഇറാന്റെ നിബന്ധനകൾ അംഗീകരിക്കാനാവാത്തതാണെന്നും നയതന്ത്ര ചർച്ചകളിൽ പെട്ടെന്നൊരു വഴിത്തിരിവ് പ്രതീക്ഷിക്കുന്നില്ലെന്നും റൂബിയോ കൂട്ടിച്ചേർത്തു.



