തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ തിരുവനന്തപുരം കാട്ടാക്കട പൂവച്ചാൽ ഗ്രാമപഞ്ചായത്തിലെ മുതിയാവിള സെന്റ് ആൽബർട്ട് എൽ.പി. സ്കൂളിലെ ബൂത്തിൽ ഗുരുതരമായ വോട്ടിങ് യന്ത്രത്തകരാർ റിപ്പോർട്ട് ചെയ്തു. രാവിലെ 8:30 ഓടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇവിടെ മറ്റ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യുമ്പോൾ പോലും ബി.ജെ.പി. സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയുകയും ബീപ് ശബ്ദം കേൾക്കുകയും ചെയ്യുന്നതായിരുന്നു പ്രശ്നം.
ഇതോടെ വോട്ടെടുപ്പ് നിർത്തിവെക്കുകയും എൽ.ഡി.എഫ്, കോൺഗ്രസ് പ്രവർത്തകർ റീപോളിങ് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. ഏകദേശം 85 പേർ വോട്ട് ചെയ്ത തകരാറിലായ യന്ത്രം സീൽ ചെയ്ത് മാറ്റിവെക്കുകയും, പുതിയ വോട്ടിങ് മെഷീൻ എത്തിച്ച് 11:30 ഓടെ വോട്ടെടുപ്പ് പുനരാരംഭിക്കുകയും ചെയ്തു. റീപോളിങ് സംബന്ധിച്ച അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കുമെന്ന് അധികൃതർ അറിയിച്ചു. സമാനമായി പത്തനംതിട്ടയിലെ നിരണം, പെരിങ്ങര പഞ്ചായത്തുകളിലെ ചില ബൂത്തുകളിലും യന്ത്രത്തകരാർ കാരണം വോട്ടിങ് വൈകിയിരുന്നു.



