19.3 C
Saudi Arabia
Saturday, March 28, 2026
spot_img

വിദ്യാർഥി നേതാവിന്റെ മരണം; ബംഗ്ലാദേശിൽ ആളിപ്പടർന്ന് അക്രമം, അതിർത്തിയിൽ അതീവ ജാഗ്രത

ധാക്ക: ബംഗ്ലാദേശിൽ പ്രമുഖ വിദ്യാർഥി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്നുണ്ടായ കലാപം നിയന്ത്രണാതീതമായി തുടരുന്നു. കഴിഞ്ഞയാഴ്ച ധാക്കയിൽ വെച്ച് മുഖംമൂടി ധരിച്ച അക്രമികളുടെ വെടിയേറ്റ ഹാദി, സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ഹാദിയുടെ മരണവാർത്ത പുറത്തുവന്നതോടെ രാജ്യം വലിയ തോതിലുള്ള അക്രമസംഭവങ്ങൾക്ക് സാക്ഷിയായി.

ഇന്ത്യ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ച് പ്രമുഖ ദിനപത്രങ്ങളായ ‘ഡെയ്‌ലി സ്റ്റാർ’, ‘പ്രോഥം ആലോ’ എന്നിവയുടെ ഓഫീസുകൾ പ്രക്ഷോഭകാരികൾ തീയിട്ടു നശിപ്പിച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ ഓഫീസുകൾക്കും അനുഭാവികൾക്കും നേരെ വ്യാപകമായ ആക്രമണങ്ങളാണ് അരങ്ങേറുന്നത്.

ബംഗ്ലാദേശിലെ ആഭ്യന്തര സാഹചര്യം വഷളായതിനെത്തുടർന്ന് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബി.എസ്.എഫ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. നുഴഞ്ഞുകയറ്റവും മറ്റ് അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ അതിർത്തിയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ചിറ്റഗോംഗിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിന് നേരെയും പ്രക്ഷോഭകാരികൾ അക്രമം അഴിച്ചുവിട്ടതായി റിപ്പോർട്ടുകളുണ്ട്.

ഇടക്കാല ഭരണകൂടം രാജ്യത്ത് ശനിയാഴ്ച ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സമാധാനം പാലിക്കണമെന്ന് ചീഫ് അഡ്വൈസർ മുഹമ്മദ് യൂനുസ് ആഹ്വാനം ചെയ്തെങ്കിലും പല നഗരങ്ങളിലും ഇപ്പോഴും തെരുവ് യുദ്ധം തുടരുകയാണ്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ അസ്ഥിരത രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.

 

Related Articles

- Advertisement -spot_img

Latest Articles