റിയാദ്: സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ അബ്ഷീറിൽ (Absher) പൊതു സുരക്ഷാ ഡയറക്ടറേറ്റ് പുതിയ ഇലക്ട്രോണിക് സേവനങ്ങൾ കൂടി ഉൾപ്പെടുത്തി. പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ-ബസ്സാമിയാണ് പുതിയ സേവനങ്ങൾ ഉദ്ഘാടനം ചെയ്തത്. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന്റെ നിർദ്ദേശപ്രകാരമാണ് ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി ഈ മാറ്റങ്ങൾ കൊണ്ടുവന്നത്. ‘അബ്ഷീർ ഇൻഡിവിജ്വൽസ്’, ‘അബ്ഷീർ ബിസിനസ്’ എന്നീ പ്ലാറ്റ്‌ഫോമുകൾ വഴി ഇനി കൂടുതൽ സുരക്ഷാ അനുബന്ധ സേവനങ്ങൾ ലഭ്യമാകും.
മോട്ടോർ സൈക്കിളുകളുടെ ഉടമസ്ഥാവകാശ കൈമാറ്റം, മോട്ടോർ സൈക്കിൾ ഓതറൈസേഷൻ, വാഹന റിപ്പോർട്ടുകൾ, കാർഡുകൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് ഇതിൽ പ്രധാനപ്പെട്ടത്. കൂടാതെ സുരക്ഷാ ക്യാമറകളുമായി ബന്ധപ്പെട്ട സേവനങ്ങളും ഇനി അബ്ഷീർ ബിസിനസ് വഴി ലഭ്യമാകും. ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള കംപ്ലയൻസ് സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും അവ പരിശോധിക്കുന്നതിനുമുള്ള സംവിധാനം ഇതിൽ ഉൾപ്പെടുന്നു. എയർ റൈഫിളുകളുടെ (Air guns) ലൈസൻസ് പുതുക്കുന്നതിനും ഉടമസ്ഥാവകാശ കൈമാറ്റത്തിനുമുള്ള സൗകര്യവും അബ്ഷീറിൽ പുതുതായി ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സമയവും അധ്വാനവും ലാഭിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.



