കോഴിക്കോട്: ഇന്ത്യയിൽ നിന്നുള്ള പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ ഏഴ് പ്രമുഖ ഗൾഫ് നഗരങ്ങളിലേക്കുള്ള തങ്ങളുടെ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുന്നു. കുവൈത്ത്, മസ്‌കറ്റ്, ദോഹ, ഷാർജ, അബുദാബി, റാസൽഖൈമ, ദമ്മാം എന്നീ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത്. എൻജിൻ തകരാർ മൂലം വിമാനങ്ങൾ കൂട്ടത്തോടെ നിലത്തിറക്കേണ്ടി വന്നതും പ്രവർത്തനപരമായ മറ്റ് തടസ്സങ്ങളുമാണ് ഈ അപ്രതീക്ഷിത തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പെരുന്നാൾ അവധിക്കാലം വരാനിരിക്കെ, ടിക്കറ്റ് ബുക്ക് ചെയ്ത ആയിരക്കണക്കിന് പ്രവാസികളെ ഈ തീരുമാനം വലിയ പ്രതിസന്ധിയിലാക്കും. സർവീസുകൾ റദ്ദാക്കിയത് മൂലം യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരികെ നൽകുമെന്നും അല്ലെങ്കിൽ മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റാൻ അവസരം നൽകുമെന്നും എയർലൈൻ അധികൃതർ അറിയിച്ചു. വിമാനങ്ങളുടെ ലഭ്യതക്കുറവ് മറ്റ് വിമാനക്കമ്പനികൾ ചാർജ് വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്ന ആശങ്കയും പ്രവാസികൾക്കിടയിലുണ്ട്.



