ജുബൈൽ: 2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ പരീക്ഷയിൽ അൽ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മികച്ച വിജയം.
സ്കൂളിൽ നിന്നും പരീക്ഷയെഴുതിയ 475 വിദ്യാർത്ഥികളും വിജയിച്ചതോടെ നൂറുശതമാനം വിജയം എന്ന അഭിമാനകരമായ നേട്ടമാണ് സ്കൂളിന് സ്വന്തമാക്കാൻ സാധിച്ചത്. ഉയർന്ന മാർക്ക് നേടിയവരുടെ എണ്ണത്തിലും സ്കൂൾ മികച്ച നിലവാരം പുലർത്തി. ആകെ പരീക്ഷയെഴുതിയവരിൽ 130 വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി സ്കൂളിന്റെ യശസ്സുയർത്തി.
സ്കൂളിലെ ടോപ്പർമാരുടെ പട്ടികയിൽ പെൺകുട്ടികളുടെ ആധിപത്യമാണ് പ്രകടമായത്. 99.2 ശതമാനം മാർക്ക് നേടി മഹ്വിഷ് തസ്മീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 99 ശതമാനം മാർക്കോടെ റിദ മറിയം രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനത്ത് രണ്ട് വിദ്യാർത്ഥികളാണ് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചത്. 98.6 ശതമാനം മാർക്ക് വീതം പങ്കിട്ട് ഫൈസ അൻസാരിയും ഗായത്രി ദീപക്കും മൂന്നാം സ്ഥാനം സ്വന്തമാക്കി.
വിദ്യാർത്ഥികളുടെ ഈ മികച്ച വിജയത്തിൽ അധ്യാപകരും രക്ഷിതാക്കളും സ്കൂൾ മാനേജ്മെന്റും സന്തോഷം പ്രകടിപ്പിച്ചു.



