മംഗളൂരു: കർണാടകയിലെ ബിദാറിൽ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് രണ്ട് യുവ കർഷകർ മരിച്ചു. ഭാൽക്കി താലൂക്കിലെ നവദഗി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നവദഗി സ്വദേശി രേവണസിദ്ധ (28), ജേവർഗി സ്വദേശി യല്ലലിംഗ (28) എന്നിവരാണ് മരണപ്പെട്ടത്. വയലിൽ കൃഷിപ്പണികളിൽ ഏർപ്പെട്ടിരുന്ന ഇവർ, പെട്ടെന്ന് മഴ പെയ്തതോടെ സമീപത്തെ മാവിൻ ചുവട്ടിൽ അഭയം തേടിയതായിരുന്നു. ഈ സമയത്താണ് ഇരുവരെയും മിന്നലേറ്റത്.
സംഭവത്തിൽ ഖടക് ചിഞ്ചോളി പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു. ഇടിമിന്നൽ ഉണ്ടാകുമ്പോൾ മരങ്ങൾക്കടിയിൽ നിൽക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും, ഇത്തരം സമയങ്ങളിൽ സുരക്ഷിതമായ സ്ഥലങ്ങൾ കണ്ടെത്താൻ ജാഗ്രത പാലിക്കണമെന്നും പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നവർ കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.



