ഹാജിമാർക്ക് സൗദി ഭരണകൂടം നൽകുന്ന സേവനങ്ങൾ തുല്യതയില്ലാത്തതാണെന്ന് സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി

ജിദ്ദ: ഹാജിമാർക്ക് സൗദി ഭരണകൂടം നൽകുന്ന സേവനങ്ങൾ തുല്യതയില്ലാത്തതാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅദിൻ ചെയർമാനുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് സുഗമമായി കർമ്മങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ മികച്ച അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യ സേവനങ്ങളും സുരക്ഷയും ഒരുക്കുന്നതിൽ സൗദി ഗവണ്മെന്റും ഭരണാധികാരികളും കാണിക്കുന്ന ജാഗ്രതയും അർപ്പണബോധവും ഏറെ ശ്ലാഘനീയമാണ്. പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാനായി സൗദി അറേബ്യയിലെത്തിയ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾക്ക് ജിദ്ദയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർണ്ണ, ഭാഷാ, ദേശ വ്യത്യാസങ്ങളില്ലാതെ ലക്ഷക്കണക്കിന് മനുഷ്യർ ഒരേ വേഷത്തിൽ ഒരേ മനസ്സോടെ അറഫയിൽ സംഗമിക്കുമ്പോൾ അത് നൽകുന്നത് തുല്യതയുടെയും മാനവിക ഐക്യത്തിന്റെയും മഹത്തായ സന്ദേശമാണെന്നും, ഈ മാനവിക പാഠങ്ങളും ത്യാഗസ്മരണകളും ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാൻ ഓരോ ഹാജിക്കും കഴിയണമെന്നും അദ്ദേഹം വിശ്വാസികളെ ഉണർത്തി. ഐ.സി.എഫ്, ആർ.എസ്.സി, കെ.സി.എഫ്, മഅ്ദിൻ ജിദ്ദ കമ്മിറ്റികൾ സംയുക്തമായാണ് സ്വീകരണ സംഗമം സംഘടിപ്പിച്ചത്. സൗദി ഗവൺമെന്റിന്റെ ഔദ്യോഗിക അംഗീകാരത്തോടെ ജിദ്ദയിൽ നിന്നും ഹജ്ജ് സേവന രംഗത്തിറങ്ങിയ സന്നദ്ധ പ്രവർത്തകർക്കുള്ള (വോളണ്ടിയർമാർക്കുള്ള) മൊമെന്റോ വിതരണം സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി നിർവഹിച്ചു. സേവനരംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച പ്രവർത്തകരെയും ചടങ്ങിൽ പ്രത്യേകം ആദരിക്കുകയുണ്ടായി.

സയ്യിദ് ജാഫർ തുറാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്ത സ്വീകരണ സംഗമത്തിൽ യഹ്‌യ ഖലീൽ നൂറാനി അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ചടങ്ങിൽ സ്വാഗതം ആശംസിക്കുകയും ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി മുഖ്യപ്രഭാഷണം നിർവഹിക്കുകയും ചെയ്തു. ജാഫർ നിസാമി ആസ്‌ട്രേലിയ, ഹസ്സൻ സഖാഫി നുച്ചിയാട്, മുജീബ് എ.ആർ. നഗർ, ബഷീർ മാസ്റ്റർ പറവൂർ, അബൂബക്കർ സിദ്ദീഖ് മുസ്ല്യാർ, ഖാജാ സഖാഫി, നൗഫൽ മുസ്ല്യാർ, സലീം പാറഞ്ചേരി, ശാഫി ബിൻ ശാദുലി, ഫാറൂഖ് സഅദി, മൻസൂർ കട്ടിപ്പാല തുടങ്ങിയ പ്രമുഖ പ്രാസ്ഥാനിക നേതാക്കൾ സംഗമത്തിൽ സന്നിഹിതരായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles