ബെയ്റൂത്ത്/വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണ്ണായക നീക്കത്തിന്റെ ഭാഗമായി വാഷിംഗ്ടണിൽ നടന്ന ഉന്നതതല ചർച്ചകളിൽ ഇസ്രായേലും ലെബനനും തമ്മിൽ വെടിനിർത്തൽ നടപ്പാക്കാൻ ധാരണയായതിന് തൊട്ടുപിന്നാലെ, തെക്കൻ ലെബനനിൽ ഇസ്രായേലിന്റെ കടുത്ത വ്യോമാക്രമണം. ലബനൻ തലസ്ഥാനമായ ബെയ്റൂത്തിന് തെക്കുള്ള ഖൽദെ ഹൈവേയിൽ വെച്ച് ഒരു വാഹനത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ ഡ്രോൺ നടത്തിയ മിസൈലാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി ലെബനനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻ.എൻ.എ റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ തെക്കൻ ലെബനനിലെ നബാതിയ ടൈർ തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ റോഡുകളിലും ഇസ്രായേൽ ഡ്രോണുകൾ തുടർച്ചയായ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടന്ന ആക്രമണങ്ങളിൽ രണ്ട് ആരോഗ്യപ്രവർത്തകരും നാല് സിറിയൻ പൗരന്മാരുമടക്കം നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ മധ്യസ്ഥതയിൽ വാഷിംഗ്ടണിലെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ വെച്ച് നടന്ന നാലാം വട്ട ചർച്ചകൾക്കൊടുവിലാണ് ഇരുരാജ്യങ്ങളും വെടിനിർത്തൽ നടപ്പാക്കാൻ സംയുക്തമായി സമ്മതിച്ചത്. എന്നാൽ ഈ പുതിയ വെടിനിർത്തൽ കരാർ പൂർണ്ണമായി പ്രാബല്യത്തിൽ വരണമെങ്കിൽ, ഇറാൻ അനുകൂല സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ഇസ്രായേലിന് നേരെയുള്ള ആക്രമണങ്ങൾ പൂർണ്ണമായി നിർത്തണമെന്നും തെക്കൻ ലെബനനിലെ ലിറ്റാനി നദിക്ക് (Litani River) തെക്കുള്ള മേഖലകളിൽ നിന്ന് തങ്ങളുടെ പോരാളികളെ പൂർണ്ണമായി ഒഴിപ്പിക്കണമെന്നുമാണ് ഇസ്രായേലും അമേരിക്കയും മുന്നോട്ട് വെച്ചിട്ടുള്ള പ്രധാന നിബന്ധന. കൂടാതെ, തെക്കൻ ലെബനനിൽ ഹിസ്ബുള്ള ഉൾപ്പെടെയുള്ള ഒരു ഇതര സായുധ ഗ്രൂപ്പുകൾക്കും പ്രവേശനമില്ലാത്ത ‘പൈലറ്റ് സുരക്ഷാ മേഖലകൾ’ സ്ഥാപിക്കാനും, ഈ പ്രദേശങ്ങളുടെ പൂർണ്ണമായ നിയന്ത്രണം ലെബനൻ ഔദ്യോഗിക സൈന്യത്തിന് കൈമാറാനും ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്.
നയതന്ത്ര ചർച്ചകളിൽ ലെബനൻ സർക്കാർ നേരിട്ടാണ് പങ്കെടുത്തത്. എന്നാൽ ഈ ചർച്ചകളിൽ തങ്ങൾ ഭാഗമല്ലെന്നും ഭാഗികമായ വെടിനിർത്തൽ അംഗീകരിക്കില്ലെന്നുമാണ് ഹിസ്ബുള്ളയുടെ ഔദ്യോഗിക നിലപാട്. വെടിനിർത്തൽ പ്രഖ്യാപനം പുറത്തുവന്ന ശേഷവും ഇസ്രായേൽ സൈന്യം ആക്രമണം തുടരുന്നതിനെ ലെബനൻ അതീവ ഗൌരവത്തോടെയാണ് കാണുന്നത്. ഹിസ്ബുള്ള വീണ്ടും ആക്രമണം നടത്തിയാൽ ബെയ്റൂട്ടിനെ ലക്ഷ്യമിട്ട് ശക്തമായ സൈനിക നീക്കം തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. അതേസമയം, ജൂൺ 22-ന് ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ സമഗ്രമായ ഒരു സമാധാന കരാറിലേക്ക് എത്താൻ സാധിക്കുമെന്നുമാണ് അമേരിക്കൻ ഭരണകൂടം പ്രതീക്ഷിക്കുന്നത്.



