തിരുവനന്തപുരത്ത് യുവാക്കളുടെ സംഘർഷത്തിനിടെ 18കാരൻ കൊല്ലപ്പെട്ടു; രണ്ട് സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നരുവാമൂടിന് സമീപം യുവാക്കൾ തമ്മിലുണ്ടായ ശക്തമായ സംഘർഷത്തിനിടെ പതിനെട്ടുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. പെരിങ്ങമല സ്വദേശിയായ ശിവസൂര്യ (18) ആണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശിവസൂര്യയുടെ സുഹൃത്തുക്കളായ അജിത്ത്, കാർത്തിക് എന്നിവരെ നരുവാമൂട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. രണ്ട് ബൈക്കുകളിലായെത്തിയ അഞ്ച് യുവാക്കൾ തമ്മിലാണ് പ്രദേശത്ത് വെച്ച് പെട്ടെന്ന് സംഘർഷമുണ്ടായത്.

ഈ അടിപിടിക്കിടെ സമീപത്തുണ്ടായിരുന്ന ഒരു കടയുടെ ഗ്ലാസിന് മേലേക്ക് ശിവസൂര്യ അപ്രതീക്ഷിതമായി തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ കടയുടെ ഗ്ലാസ് പൊട്ടുകയും അതിന്റെ മൂർച്ചയേറിയ കഷണം ശിവസൂര്യയുടെ വയറ്റിൽ ആഴത്തിൽ കുത്തിക്കയറുകയും ചെയ്തു. വയറിന് ഗുരുതരമായി പരിക്കേറ്റ് ചോര വാർന്ന ശിവസൂര്യയെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ ശാന്തിവിള താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും, അവിടെ ഇയാളെ എത്തിച്ച ഉടൻ തന്നെ സുഹൃത്തുക്കൾ മുങ്ങുകയായിരുന്നു. പിന്നീട് പരിക്ക് അതീവ ഗുരുതരമായതിനെ തുടർന്ന് ശിവസൂര്യയെ അടിയന്തരമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles