ലബനന് നേരെയുള്ള ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ; ലബനൻ സൈനികരുടെ മരണത്തിൽ അനുശോചനം

റിയാദ്: ലബനന് നേരെ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെയും സൈനിക അധിനിവേശങ്ങളെയും ശക്തമായി അപലപിച്ച് സൗദി അറേബ്യ. തെക്കൻ ലബനനിൽ വെച്ച് ലബനീസ് സൈന്യത്തിന്റെ വാഹനത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി സൈനികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് സൗദി അറേബ്യ ശനിയാഴ്ച ഔദ്യോഗികമായി പ്രതികരണവുമായി രംഗത്തെത്തിയത്. ലബനീസ് റിപ്പബ്ലിക്കിന് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയെയും, ലബനന്റെ പരമാധികാരത്തെയും അവിടുത്തെ ഔദ്യോഗിക സൈന്യത്തെയും ലക്ഷ്യമിട്ടുള്ള കടന്നുകയറ്റങ്ങളെയും രാജ്യം പൂർണ്ണമായും തള്ളിക്കളയുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ആക്രമണത്തിൽ ഡ്യൂട്ടിക്കിടെ ജീവൻ ബലിനൽകേണ്ടി വന്ന ലബനീസ് സൈനികർ ഉൾപ്പെടെയുള്ളവരുടെ വേർപാടിൽ സൗദി അറേബ്യ കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ലബനന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയുയർത്തുന്ന ഏതൊരു പ്രവണതയ്ക്കെതിരെയും ലബനനോടും അവിടുത്തെ സഹോദരങ്ങളായ പൊതുജനങ്ങളോടുമുള്ള റിയാദിന്റെ പൂർണ്ണമായ ഐക്യദാർഢ്യം വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവർത്തിച്ചുറപ്പിച്ചു. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഹുസൈനി ഖാംനഈയിയുടെ വധത്തെത്തുടർന്ന് ഇറാൻ പക്ഷത്തുചേർന്ന് ഹിസ്ബുള്ള സായുധസംഘം യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ പങ്കാളിയായതിന് പ്രതികരണമായാണ് ഇക്കഴിഞ്ഞ മാർച്ച് മാസം മുതൽ ഇസ്രായേൽ ലബനന് നേരെ വ്യാപകമായ ആക്രമണങ്ങൾ ആരംഭിച്ചത്.

 

Related Articles

- Advertisement -spot_img

Latest Articles