പ്രവാസി പെൻഷൻ പുനഃസ്ഥാപിക്കാൻ നടപടി; മുഖ്യമന്ത്രി

– ഐ സി എഫ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന പ്രവാസി പെൻഷൻ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നിർദേശം നൽകിയതായി മുഖ്യമന്ത്രി വി ഡി സതീശൻ. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ഇന്റർനാഷണൽ കൗൺസിൽ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം സംഘം സമർപ്പിച്ചു.

പ്രവാസി കേരളീയരുടെ ജീവിതം കൂടുതൽസുഗമവും സുരക്ഷിതവുമാക്കുന്നതിനായി സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പിലാക്കാവുന്ന നിരവധിയായ പുതിയ സേവനങ്ങളും ക്ഷേമപദ്ധതികളും അടങ്ങിയ നിർദേശങ്ങളാണ് ഐ സി എഫ് നേതാക്കൾ മുഖ്യമന്ത്രിയുടെ മുൻപാകെ സമർപ്പിച്ചത്. പ്രവാസികൾ അനുഭവിക്കുന്ന നിലവിലെ നിരവധി പ്രശ്നങ്ങൾക്ക് പുറമെ നാട്ടിൽ നേരിട്ടെത്താതെ തന്നെ പ്രവാസികൾക്ക് ഭൂനികുതി, മ്യൂട്ടേഷൻ, പോസഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ റവന്യൂ സേവനങ്ങൾ ഡിജിറ്റലായി ലഭ്യമാക്കുന്നതിനായി നോർക്കയുമായി സംയോജിപ്പിച്ച് ‘വെർച്വൽ റവന്യൂ ഓഫീസ്’ ആരംഭിക്കുക, സർക്കാറിന്റെയും നോർക്കയുടെയും എല്ലാ സേവനങ്ങളും അടിയന്തര സഹായങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന ‘എൻ ആർ ഐ സ്മാർട്ട് ഐ ഡി’ നടപ്പിലാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഐ സി എഫ് മുന്നോട്ട് വെച്ചു.

പ്രവാസികൾ ഏറെയുള്ള യു എ ഇ, സൗദി അറേബ്യ, ഖത്വർ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ പ്രധാന ഗൾഫ് രാജ്യങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും നോർക്കയുടെയും അക്ഷയ മിഷന്റെയും സഹകരണത്തോടെ അക്ഷയ കേന്ദ്രങ്ങളുടെ വിദേശ ശാഖകൾ ആരംഭിക്കുക, ഗൾഫ് നാടുകളിൽ താമസിക്കുന്ന മലയാളി കുട്ടികൾക്കായി സ്റ്റേറ്റ് സിലബസ് സ്‌കൂളുകൾ ആരംഭിക്കാനുള്ള സാധ്യതകൾ പരിശോധിക്കുക എന്നിവയും നിവേദനത്തിൽ ഉന്നയിച്ചു. ഇതിനുപുറമെ ജില്ലാ കളക്ടറേറ്റുകളിൽ പ്രവാസി കുടുംബ സഹായ ഡെസ്കുകൾ സ്ഥാപിക്കുക, ഇ-പവർ ഓഫ് അറ്റോർണി സംവിധാനം നടപ്പിലാക്കുക, ഓൺലൈൻ വഴി നിശ്ചിത ഇടവേളകളിൽ ‘വെർച്വൽ പ്രവാസി സഭ’ സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ചർച്ച ചെയ്ത ആവശ്യങ്ങളും നിർദേശങ്ങളും പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഐ സി എഫ് ഇന്റർനാഷണൽ പ്ലാനിംഗ് ബോർഡ് ചെയർമാൻ സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, ഐ സി എഫ് സെക്രട്ടറിമാരായ ഹമീദ് ഈശ്വരമംഗലം, ശരീഫ് കാരശ്ശേരി, അബ്ദുൽ കരീം ഹാജി മേമുണ്ട, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം തുടങ്ങിയ നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

 

 

 

 

Related Articles

- Advertisement -spot_img

Latest Articles