കെ.എം. ബഷീർ വധക്കേസ്: ശ്രീറാം വെങ്കിട്ടരാമനെ കോടതിയിൽ തിരിച്ചറിഞ്ഞ് സാക്ഷി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ മദ്യലഹരിയിൽ വാഹനമിടിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമനെ വിചാരണ കോടതിയിൽ ഒമ്പതാം സാക്ഷി തിരിച്ചറിഞ്ഞു. സംഭവദിവസം അപകട സ്ഥലത്തുണ്ടായിരുന്ന അതേ വ്യക്തി തന്നെയാണ് ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നതെന്ന് പബ്ലിക് ഓഫീസ് നൈറ്റ് വാച്ച്മാനായ മിഥുൻ തോമസ് പ്രതിയെ ചൂണ്ടിക്കാട്ടി കോടതിയിൽ മൊഴി നൽകി. തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ പുരോഗമിക്കുന്നത്.

സംഭവം നടന്ന ദിവസം പബ്ലിക് ഓഫീസിൽ തനിക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നുവെന്ന് മിഥുൻ തോമസ് കോടതിയെ അറിയിച്ചു. പുലർച്ചെ ഒരു മണിയോടെ വിവരമറിഞ്ഞ് പബ്ലിക് ഓഫീസിന് മുന്നിലെത്തിയപ്പോൾ ഒരു ബൈക്ക് മതിലിനോട് ചേർന്ന് കിടക്കുന്നതും കേടുപാടുകളോടെ ഒരു നീല കാർ സമീപത്ത് നിൽക്കുന്നതുമാണ് കണ്ടത്. കാറിനടുത്ത് ഒരു സ്ത്രീയും പുരുഷനുമുണ്ടായിരുന്നു. പുരുഷന്റെ ശരീരത്തിൽ രക്തക്കറയുണ്ടായിരുന്നുവെന്നും സാക്ഷി മൊഴി നൽകി.

സർക്കാർ ഓഫീസിന്റെ മതിലിലാണ് വാഹനം ഇടിച്ചുകയറിയതെന്നതിനാൽ തന്റെ മൊബൈലിൽ കാറിന്റെ ചിത്രങ്ങൾ പകർത്തി പി.ഡബ്ല്യു.ഡി ഓഫീസ് സെർജന്റിനെ കാണിച്ചിരുന്നു. പിറ്റേദിവസം മാധ്യമങ്ങളിലൂടെയാണ് അപകടത്തിൽ കൊല്ലപ്പെട്ടത് മാധ്യമപ്രവർത്തകൻ കെ.എം. ബഷീറാണെന്ന് അറിയുന്നതെന്നും സാക്ഷി വിചാരണ കോടതിയിൽ വ്യക്തമാക്കി. കേസിൽ വിചാരണ നടപടികൾ ഇന്നും തുടരും.

 

Related Articles

- Advertisement -spot_img

Latest Articles