ദമ്മാം: പ്രവാസി ക്ഷേമനിധി ബോർഡ് വഴി പെൻഷൻ വിതരണം ചെയ്യുന്നതിനായി 32 കോടി രൂപ അനുവദിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ഒ ഐ സി സി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അഭിനന്ദിച്ചു. ഓണത്തിന് മുന്നോടിയായി പെൻഷൻ തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി ധനവകുപ്പ് അനുമതി നൽകിയ നടപടി ഏറെ സ്വാഗതാർഹമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വിതരണത്തിൽ കുടിശ്ശിക വരാൻ പ്രധാന കാരണമായത്.
നാടിന്റെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും നിർണായകമായ സംഭാവനകൾ നൽകുന്ന പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധത മുൻനിർത്തി, അവരുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് യു ഡി എഫ് സർക്കാർ നടത്തിയിരിക്കുന്നതെന്ന് ഒ ഐ സി സി അഭിപ്രായപ്പെട്ടു. ആദ്യഘട്ടമായി അനുവദിച്ച 32 കോടി രൂപ പെൻഷൻ കുടിശ്ശിക തീർപ്പാക്കുന്നതിന് ആശ്വാസകരമായ നടപടിയാണ്. ബാക്കിയുള്ള തുകയും അടിയന്തരമായി അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ സർക്കാർ നിർദേശം നൽകിയതും പ്രതീക്ഷ നൽകുന്നതാണ്.
പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിൽ യു ഡി എഫ് സർക്കാർ സ്വീകരിക്കുന്ന നടപടികൾ അഭിനന്ദനാർഹമാണെന്നും, പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി സർക്കാർ കൂടുതൽ ശക്തമായ ഇടപെടലുകൾ തുടർന്നും നടത്തണമെന്നും ഒ ഐ സി സി നാഷണൽ പ്രസിഡന്റ് ബിജു കല്ലുമല, ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഇ. കെ. സലിം, ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം എന്നിവർ ആവശ്യപ്പെട്ടു.



