ടെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രായേലിനും എതിരായ പോരാട്ടത്തിൽ ഇറാനൊപ്പം ഉറച്ചുനിൽക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രഖ്യാപിച്ചു. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാനുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് പുടിൻ തങ്ങളുടെ ദൃഢമായ നിലപാട് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായി സാമ്പത്തിക സഹകരണത്തിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന യു.എസ് ഭീഷണിക്കിടെയാണ് റഷ്യയുടെ ഭാഗത്തുനിന്ന് നിർണ്ണായകമായ ഈ പിന്തുണ.
അതേസമയം, അമേരിക്കയുടെ ഉപരോധ നടപടികൾ യുദ്ധസമാനമായ നീക്കമാണെന്നും ഇത് തുടർന്നാൽ ശക്തമായ സൈനിക തിരിച്ചടി നൽകുമെന്നും ഇറാൻ യു.എസിന് കടുത്ത മുന്നറിയിപ്പ് നൽകി. ഇറാന്റെ എണ്ണ കയറ്റുമതി തടയാനാണ് അമേരിക്ക ശ്രമിക്കുന്നതെങ്കിൽ ഗൾഫ് മേഖലയിൽ നിന്ന് മറ്റൊരു രാജ്യത്തെയും എണ്ണ കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. പേർഷ്യൻ ഗൾഫിലൂടെയുള്ള ഇറാന്റെ എണ്ണ നീക്കം തടഞ്ഞാൽ മേഖലയിലെ മുഴുവൻ രാജ്യങ്ങളുടെയും കയറ്റുമതി സ്തംഭിപ്പിക്കുമെന്നും, അമേരിക്കയുടെ ഏത് നീക്കത്തിനും അതേനാണയത്തിൽ മറുപടി നൽകാൻ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിലെയും ഗൾഫ് മേഖലയിലെയും സുരക്ഷ ഉറപ്പാക്കാൻ യു.എസ് സൈന്യം പൂർണ്ണമായി പിന്മാറണമെന്നും സൈനിക സാന്നിധ്യം അന്തരീക്ഷം കൂടുതൽ സങ്കീർണ്ണമാക്കുമെന്നും ഇറാൻ ആവശ്യപ്പെട്ടു.



