പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിൽ: ഇറാന് നേരെ യു.എസ് വ്യോമാക്രമണം, എണ്ണവില കുതിച്ചുയർന്നു

ടെഹ്റാൻ: പശ്ചിമേഷ്യയെ വീണ്ടും ഭീതിയിലാഴ്ത്തി ഇറാന് നേരെ അമേരിക്കയുടെ ശക്തമായ തിരിച്ചടി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം ആരംഭിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. തീരദേശ നഗരമായ ബന്ദർ അബ്ബാസിന്റെ കിഴക്കൻ മേഖലകളിലും ഹോർമുസ് കടലിടുക്കിനോട് ചേർന്നുള്ള പ്രദേശങ്ങളിലുമാണ് അതിശക്തമായ സ്ഫോടനങ്ങൾ നടന്നത്. ഖീഷമിലെ മസാൻ ഗ്രാമത്തിന് സമീപം അഞ്ചിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.ഐ.ബി റിപ്പോർട്ട് ചെയ്തു. നിലവിൽ ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഹോർമോസ്ഗാൻ പ്രവിശ്യാ ഭരണകൂടം സുരക്ഷാ പരിശോധനകൾ നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന വാണിജ്യ കപ്പലുകൾക്ക് നേരെയും മേഖലയിൽ സേവനമനുഷ്ഠിക്കുന്ന യു.എസ് സൈനികർക്ക് നേരെയും ഐ.ആർ.ജി.സി നടത്തുന്ന ആക്രമണ ശ്രമങ്ങൾക്കുള്ള കടുത്ത മറുപടിയാണ് ഈ നീക്കമെന്നാണ് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മേഖലയിലെ അമേരിക്കൻ പൗരന്മാർക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ജാഗ്രതാ നിർദ്ദേശം നൽകി. വിമാന സർവീസുകൾ റദ്ദാക്കാനും വ്യോമപാതകൾ അടയ്ക്കാനും സാധ്യതയുള്ളതിനാൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. സൈനിക നടപടി കടുപ്പിച്ചതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയും ബാരലിന് 94 ഡോളർ എന്ന നിരക്കിലേക്ക് കുതിച്ചെത്തുകയും ചെയ്തു.

അതേസമയം, യു.എസ് നടപടിയെ ശക്തമായ ഭാഷയിൽ അപലപിച്ച് ഇറാൻ രംഗത്തെത്തി. അമേരിക്കയുടെ ഉപരോധങ്ങൾ യുദ്ധസമാനമായ നടപടിയാണെന്നും ഇറാന്റെ എണ്ണ കയറ്റുമതി തടയാനാണ് യു.എസ് ശ്രമിക്കുന്നതെങ്കിൽ മേഖലയിൽ നിന്നുള്ള ഒരു രാജ്യത്തിന്റെയും എണ്ണ കയറ്റുമതി അനുവദിക്കില്ലെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് ഭീഷണിപ്പെടുത്തി. പേർഷ്യൻ ഗൾഫ് വഴിയുള്ള ഇറാന്റെ എണ്ണ വിപണനം തടഞ്ഞാൽ മേഖലയെ ഒന്നാകെ സ്തംഭിപ്പിക്കുമെന്നും അമേരിക്കയുടെ ഏത് നീക്കത്തിനും അതേ നാണയത്തിൽ തിരിച്ചടി നൽകാൻ രാജ്യം സജ്ജമാണെന്നും അദ്ദേഹം വീഡിയാ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകി.

Related Articles

- Advertisement -spot_img

Latest Articles